പയ്യന്നൂർ: ഹൈറിച്ചിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി പരാതിപ്പെട്ടയാള്‍ക്ക് വധഭീഷണി. വിവരാവകാശ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ കോറോം മുതിയലത്തെ കെ.പി. മുരളീധരനാണ് പെരിങ്ങോം പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.
ഹൈറിച്ച് കമ്പനിക്കെതിരേ മുരളീധരന് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും പയ്യന്നൂര്‍ ഡിവൈഎസ്പിക്കും കൂടുതല്‍ രേഖകളുള്‍പ്പെടെ നല്കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.
ഇതിനിടയിലാണു കമ്പനിയുടെ ആളായ കുഞ്ഞികൃഷ്ണന് വധഭീഷണിയുയര്ത്തിയിരിക്കുന്നതായി മുരളീധരന് പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ കുഞ്ഞികൃഷ്ണനുള്പ്പെടുന്ന കമ്പനിയുടെ ആളുകളായിരിക്കുമെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
ഹൈറിച്ച് കമ്പനിക്കെതിരെ ഈമാസം 13ന് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും 17ന് പയ്യന്നൂര്‍ ഡിവൈഎസ്പിക്കും മുരളീധരന് പരാതി നല്‍കിയിരുന്നു. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സമ്പദ്ഘടനയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതി.