കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ആലുവ ഈസ്റ്റ് പോലീസാണ് മുനീറിനെതിരേ കേസെടുത്തത്.
ഐപിസി 406, ഐപിസി 420 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ മൊഴി വ്യാഴാഴ്ച പോലീസ് രേഖപ്പെടുത്തിയിരുന്നു
മഹിളാ കോൺഗ്രസ് നേതാവായ ഹസീനയുടെ ഭർത്താവ് മുനീറിനെതിരെയാണ് പെൺകുട്ടിയുടെ കുടുംബം പരാതി ഉന്നയിച്ചത്.
മുനീര്‍ എന്നയാള്‍ 1,20,000 രൂപ തട്ടിയെടുത്തെന്നും പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ 70,000 രൂപ തിരിച്ച് നല്‍കിയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. കുട്ടി കൊല്ലപ്പെട്ട് ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് സംഭവം.
എന്നാൽ സംഭവം വാര്‍ത്തയായതോടെ തട്ടിയെടുത്ത പണം കുട്ടിയുടെ പിതാവിന് ഇയാൾ തിരികെ നല്‍കിയിരുന്നു.
സംഭവത്തിന് പിന്നാലെ മഹിളാകോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ ഹസീനയെ സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനെ തുടർന്നാണ് മഹിളാകോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.