ചെറുതോണി: ഇടുക്കി പോലീസ് സഹകരണ സംഘത്തിൽ വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി 20 ലക്ഷം രൂപ വായ്പയെടുത്ത കേസിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതി അജീഷിനെയാണ് സസ്പെൻഡ് ചെയ്തത്. കുളമാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അജീഷ്. പടമുഖം സ്വദേശിയായ കെ.കെ. സിജുവിന്റെ പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരേയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
2017 ലാണ് അജീഷ് 20 ലക്ഷം രൂപ പോലീസ് സഹകരണ സംഘത്തിൽനിന്നു വായ്പയെടുക്കുന്നത്. നാലുപേരുടെ ജാമ്യത്തിലായിരുന്നു വായ്പ. ഇതിൽ തന്റെ ഒപ്പ് വ്യാജമായി ഇട്ടു എന്നായിരുന്നു കെ.കെ. സിജുവിന്റെ പരാതി. എസ്പി ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ നൽകിയ സാലറി സർട്ടിഫിക്കറ്റാണ് ജാമ്യത്തിനായി അജീഷ് നൽകിയിരുന്നത്.
ഇത്തരത്തിൽ ഒരു സാലറി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിട്ടില്ലെന്ന് സിജു പരാതിയിൽ പറഞ്ഞിരുന്നു. ഈ സാലറി സർട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിലാണ് സഹകരണസംഘം പണം അനുവദിച്ചത്. അജീഷ് വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ ജാമ്യക്കാരിൽനിന്നു വായ്പത്തുക ഈടാക്കുമെന്നുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് സിജു സംഭവം അറിയുന്നതെന്ന് പറയുന്നു.
സിജു നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയശേഷമാണ് അജീഷിനെ സസ്പെൻഡ് ചെയ്തത്.കുളമാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ അജീഷിനൊപ്പം അഞ്ചുപേർക്കെതിരേക്കൂടി കേസെടുത്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ മീനകുമാരി, പോലീസ് സഹകരണസംഘം പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കെ.കെ. ജോസി, ശശി ഇപ്പോഴത്തെ ഭാരവാഹികളായ സനൽകുമാർ, അഖിൽ വിജയൻ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. തട്ടിപ്പിൽ ഇവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.