കുന്നംകുളം: കുന്നംകുളം പ്രദേശത്തുനിന്നും 75 ലക്ഷം രൂപയുടെ സാന്പത്തിക തട്ടിപ്പു നടത്തി പിടിയിലായ തിരുവനന്തപുരം സ്വദേശിനി പ്രിയ(30)യെ കസ്റ്റഡിയിൽ എടുക്കുന്നതിനായി വെഞ്ഞാറമൂട് പോലീസ് കുന്നംകുളത്തെത്തി. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലും പ്രിയക്ക് ഇതുപോലെ കേസ് നിലനിൽക്കുന്നതിനാൽ ഈ കേസിലേക്ക് അറസ്റ്റു കാണിക്കുന്നതിനായാണ് അന്വേഷണ സംഘം ഇവിടെയെത്തിയത്.
തിരുവനന്തപുരം പോത്തൻകോട് സ്വേദശിനിയായ പ്രിയ ഇവിടെ പലരിൽനിന്നായി പണം തട്ടിയെടുത്തിരുന്നു. ലോട്ടറി തട്ടിപ്പുകേസിലും പ്രതിയായിരുന്നു. പരാതിയെത്തുടർന്ന് വെഞ്ഞാറമൂട് സ്റ്റേഷനിൽ പ്രതിയായതിനെത്തുടർന്ന് ഇവിടെനിന്നും മുങ്ങുകയായിരുന്നു. തുടർന്ന് കുന്നംകുളത്തിനടുത്ത് കൂനംമൂച്ചി വെട്ടുകാട് ഭാഗത്തു വീട് വാടകയ്ക്കെടുത്ത് മൂന്ന് കുട്ടികളുമായി താമസം തുടങ്ങുകയായിരുന്നു.
പിന്നീടാണ് ഇവിടെ പ്രിയ ഗ്രൂപ്പ് എന്ന പേരിൽ വ്യാജ വിലാസമുണ്ടാക്കി ഫേസ്ബുക്കിലൂടെ പലരുമായി പരിചയപ്പെട്ട് പണം തട്ടിയെടുത്തത്. പതിനഞ്ചോളം പേരിൽനിന്നായി 75 ലക്ഷം രൂപയാണ് ഇവിടെനിന്നും തട്ടിയത്. ജ്വല്ലറി, ഫിനാൻസ് എന്നിവ തുടങ്ങാം എന്ന് പറഞ്ഞാണ് ഇവിടെ പണം പരിച്ച് വെട്ടിപ്പ് നടത്തിയത്.
തുടർന്ന് ഒരാളുടെ പരാതിയിൽ പോലീസ് വിളിച്ചപ്പോൾ മുങ്ങാൻ ശ്രമിച്ച ഇവരെ തന്ത്രപൂർവം കുന്നംകുളം പോലീസ് കുടുക്കുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ പല കേസുകളിലും പ്രിയ പ്രതിയാണെന്നറിയുകയും തുടർ കേസ് നടപടികൾക്കായി അവിടെനിന്നും ഇന്ന് അന്വേഷണം സംഘം എത്തുകയും ചെയ്തത്.