ചെങ്ങന്നൂര്: ഫേസ്ബുക്ക് സൗഹൃദത്തിന്റെ മറവില് യുവാവിനെ വിളിച്ചുവരുത്തി ലഹരിപാനീയം നല്കി സ്വര്ണാഭരണങ്ങളും ഫോണും അപഹരിച്ച കേസില് ദന്പതികൾ സ്ഥിരം തട്ടിപ്പുകാരാണെന്നു പോലീസ്.
ഇരുവരും സമാനമായി നിരവധി പേരെ കെണിയിലാക്കി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.കഴിഞ്ഞ ദിവസം അറസ്റ്റിലായ മുളക്കുഴ കാരയ്ക്കാട് തടത്തില് മേലേതില് രാഖി (31), ഭര്ത്താവ് പന്തളംകുളനട കുരമ്പാല മാവിള തെക്കേതില് രതീഷ് എസ്. നായര് (36) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.
ചേര്ത്തല കുത്തിയതോട് സ്വദേശിയുടെയാണ് അഞ്ചര പവന്റെ സ്വര്ണാഭരണങ്ങളും സ്മാര്ട്ട് ഫോണും അപഹരിച്ചത്.ഇതു സംബന്ധിച്ച് പോലീസ് പറയുന്നത്:
കഴിഞ്ഞ 17ന് ദമ്പതികള് ചെങ്ങന്നൂരിലെത്തി വെള്ളാവൂര് ജംഗ്ഷനിലുള്ള ഒരു ലോഡ്ജിലും ,ആശുപത്രി ജംഗ്ഷനിലുള്ള മറ്റൊരു ലോഡ്ജിലും മുറിയെടുത്തു. ഫേസ്ബുക്ക് മെസഞ്ചറിലൂടെയാണ് രാഖി യുവാവുമായി സൗഹൃദം സ്ഥാപിച്ചത്.
കേവലം ഒന്നര മാസത്തെ സുഹൃത്ത് ബന്ധമേ ഇവര് തമ്മിലുളളു. ഇതിനായി ശാരദ ബാബു എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് രാഖി ഉപയോഗിച്ചത്.രാഖി ഐടി ഉദ്യോഗസ്ഥയാണെന്നും സ്കൂളില് ഒരുമിച്ചു പഠിച്ചിരുന്നതാണ് എന്നും പറഞ്ഞാണ് സൗഹൃദത്തിന്റെ തുടക്കം.
18ന് രാഖിയുടെ സുഹൃത്തിന്റെ വിവാഹം ചെങ്ങന്നൂരില് ഉണ്ടെന്നും ഇവിടെ എത്തിയാല് ഓര്മകള് പുതുക്കാമെന്നു പറഞ്ഞ് ഇവിടേയ്ക്കു ക്ഷണിച്ചു വരുത്തി. ഇതനുസരിച്ച് 18ന് ബൈക്കില് ചെങ്ങന്നൂരിലെ ലോഡ്ജില് ഉച്ചയോടെ എത്തി. മൂന്നാംനിലയിലെ ഒമ്പതാം നമ്പര് മുറിയിലാണ് രാഖി ഇരയ്ക്കായി കാത്തിരുന്നത്.
ബിയറുമായി വരണം
രാഖിയുടെ നിര്ദേശം അനുസരിച്ചു വരുന്ന വഴിക്കു രണ്ടുകുപ്പി ബിയറും ഭക്ഷണ സാധനങ്ങളും വാങ്ങിയാണ് വിവേക് എത്തിയത്. സൗഹൃദ സംഭാഷണത്തിനു ശേഷം ഇയാള് ശുചിമുറിയില് പോയി മടങ്ങി വന്നപ്പോള് പൊട്ടിച്ച ഒരു കുപ്പി ബിയര് നീട്ടിക്കൊണ്ടു കുടിക്കാനായി ക്ഷണിച്ചു.
കുപ്പിയില്നിന്ന് അസാമാന്യ രീതിയില് പത ഉയരുന്നത് കണ്ട് സംശയം തോന്നിയെങ്കിലും രാഖി അനുനയിപ്പിച്ചു ബിയര് കുടിപ്പിക്കുകയായിരുന്നു. ബിയര് കുടിച്ചതിനെത്തുടര്ന്നു വിവേക് മയങ്ങിപ്പോയി. തുടർന്ന് ആഭരണങ്ങൾ കവർന്നു ദന്പതികൾ സ്ഥലംവിട്ടു.
ഏറെ നേരം കഴിഞ്ഞിട്ടും യുവാവ് റൂമിൽനിന്നുപുറത്തുവരാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ രാത്രി പത്തോടെ ഇയാളെ വിളിച്ചുണർത്തുകയായിരുന്നു. മയങ്ങിക്കിടന്ന വിവേക് ഇതോടെ ഉണർന്നു. അപ്പോഴാണ് തന്റെ ആഭരണങ്ങളും മൊബൈൽ ഫോണും നഷ്ടമായതായി യുവാവ് തിരിച്ചറിയുന്നത്.
നാണക്കേടു മൂലം പരാതി നൽകാതെ പോകാനൊരുങ്ങിയ യുവാവ് ഹോട്ടല് ഉടമയുടെ നിര്ബന്ധപ്രകാരമാണ് ചെങ്ങന്നൂര് പോലീസില് പരാതി നല്കിയത്.അന്നേ ദിവസം രാവിലെ മറ്റൊരു ഇരയെ വീഴ്ത്താന് ഇവര് തന്ത്രം മെനഞ്ഞെങ്കിലും ഹോട്ടല് ഉടമയുടെ വിദഗ്ധമായ നീക്കത്തെത്തുടര്ന്നു സംഗതി പൊളിഞ്ഞിരുന്നു.
യുവാവിനെപ്പറ്റിച്ച ശേഷം ദമ്പതികള് അവരുടെ കാറില് കന്യാകുമാരിയിലേക്കു പുറപ്പെട്ടു. അവിടെയാണിവര് വാടകയ്ക്കു താമസിച്ചു വന്നിരുന്നത്. അവിടെ അന്വേഷിച്ചു ചെന്നങ്കിലും ഇവരെ കണ്ടെത്താന് കഴിഞ്ഞില്ല.
പളനിയിൽ
രതീഷിന്റെ കാറിന്റെ നമ്പര് പരിശോധിച്ചതില്നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥനത്തില് വിവിധ സിസി ടിവി ദൃശ്യങ്ങള് പരിശോധിച്ചതിന്റെ തെളിവുകളിലൂടെയും പളനിയില്നിന്ന് ഇവരെ പിടികൂടുകയായിരുന്നു.ഈ സമയം ഇവരുടെ കുട്ടിയും കൂടെയുണ്ടായിരുന്നു.
സ്വര്ണം കന്യാകുമാരിയില് വിറ്റഴിച്ചിരുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവര് ചിലവഴിക്കുന്നത്. ഓച്ചിറ, എറണാകുളം, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളില് സമാനമായ രീതിയില് യുവാക്കളെപ്പറ്റിച്ച് സ്വര്ണാഭരണങ്ങളും വിലകൂടിയ ഫോണും പറ്റിച്ചു കൈക്കലാക്കിയിരുന്നു.
ഈ പ്രകാരം തട്ടിപ്പിന് ഇരയായവരുടെ നിരവധി ഫോണ് കോളുകള് പോലീസിനു ലഭിച്ചു വരുന്നു.അവയെക്കുറിച്ചു പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളെ കോടതിയില് ഹാജരാക്കി. റിമാന്ഡ് ചെയ്തു. ജില്ലാ പോലീസ് ആർ. ജയദേവിന്റെ നിര്ദേശപ്രകാരം ഡിവൈഎസ്പി ആര്. ജോസിന്റെ നേതൃത്വത്തില് സ്പെഷല് സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.
സിഐ ഡി. ബിജു കുമാര് ,എസ് ഐമാരായ ശശികുമാര്, പി.ഒ പത്മരാജന് സിവില് പോലീസ് ഓഫീസര്മാരായ ബാലകൃഷ്ണന്, രതീഷ് കുമാര്, സിപിഒമാരായ ജയന്, സിജു, അനില്കുമാര്, ഡബ്ല്യൂസിപിഒ ശ്രീജ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥർ.