തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളും റേഷനും അളവിൽ കുറച്ചു നൽകിയാൽ പരിഹാരം കാണാൻ ലീഗൽ മെട്രോളജി വകുപ്പ് കോൾ സെന്റർ തുടങ്ങി. കോൾ സെന്ററിലെ ലാൻഡ് ലൈൻ നന്പരുകളായ 155300, 2115054, 2115098, 2335523 (ലാൻഡ് ലൈനിലേക്ക് മൊബൈൽ ഫോണിൽ വിളിക്കുന്പോൾ 0471 എന്ന കോഡ് ചേർക്കണം) എന്നിവയിലും 9400198198 എന്ന മൊബൈൽ നന്പരിലും പരാതി അറിയിക്കാം. അളവുതൂക്കവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കോൾ സെന്ററിൽ അറിയിക്കാം.
കോൾ സെന്ററിൽ ലഭിക്കുന്ന പരാതികൾ കോൾ സെന്റർ എക്സിക്യുട്ടിവ് സോഫ്റ്റ്വേറിൽ രേഖപ്പെടുത്തും. പരാതിക്കിടയാക്കിയ വ്യാപാര സ്ഥാപനത്തിനു സമീപത്തെ എൻഫോഴ്സ്മെന്റ് വാഹനത്തിലേക്ക് സോഫ്റ്റ്വേർ വഴി പരാതി കൈമാറും.
പരാതിക്കാരന്റെയും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെയും മൊബൈലിലേക്ക് പരാതി രജിസ്റ്റർ ചെയ്ത് എസ്എംഎസ് സന്ദേശവും രജിസ്റ്റർ നന്പരും നൽകുകയും ചെയ്യും. വകുപ്പ് നൽകുന്ന സേവനങ്ങളെക്കുറിച്ച് അറിയാനും കോൾ സെന്റർ സേവനം പ്രയോജനപ്പെടുത്താം.
ജിപിഎസ് ഘടിപ്പിച്ച വകുപ്പിലെ എൻഫോഴ്സ്മെന്റ് വാഹനങ്ങളെ പ്രത്യേക സോഫ്റ്റ്വേറുമായി ബന്ധിപ്പിച്ചാണ് കോൾ സെന്റർ പ്രവർത്തിക്കുന്നത്. സംസ്ഥാന ഐടി മിഷന്റെ കോൾ സെന്റർ ഇതിനായി പ്രയോജനപ്പെടുത്തും.