തളിപ്പറമ്പ്: ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് മെയിൻ ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്‍ഡിലായ ജൂണിയര്‍ മാനേജര്‍ ചെറുകുന്ന് തറയിലെ തൂണോളി വീട്ടില്‍ ടി.വി. രമയെ (42) കസ്റ്റഡിയില്‍ വാങ്ങുന്നതിന് തളിപ്പറമ്പ് സിഐ പി.കെ. സുധാകരന് ഇന്ന് കോടതിയില്‍ ഹർജി നല്‍കും.
ഇന്നലെ കസ്റ്റഡിയിലെടുത്ത രമയുടെ മകന് ടി.വി. വിനീഷിനെ (22) രാത്രി വൈകി വിട്ടയച്ചിട്ടുണ്ട്. വിനീഷിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇന്നലെ ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തുവെങ്കിലും ഇവര്‍ പോലീസുമായി സഹകരിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്ന് രമയുടെ വീട് നിരീക്ഷണത്തിലായിയിരുന്നു. പോലിസ് എത്തുമ്പോള്‍ വീട്ടുവരാന്തയിലുണ്ടായിരുന്ന രമയും മകന് വിനീഷും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചേങ്കിലും വനിതാ പൊലിസുകാരായ ഷീജയും സിന്ധുവും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
വീടിന് പിന്നിലെ കാട്ടില്‍ ഒളിച്ചുകിടന്ന വിനീഷിനെ സംഘത്തിലുണ്ടായിരുന്നവര്‍ തെരച്ചിലിലൂടെയാണ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയാണ് രമ. രണ്ടാം പ്രതി ബാങ്ക് അപ്രൈസര്‍ മട്ടന്നൂര്‍ ഏച്ചൂരിലെ പി.ഷഡാനനന്‍ 17 ന് അറസ്റ്റിലായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇനി സീനിയര്‍ മാനേജര്‍ ചെറുപഴശ്ശി കടൂരിലെ ഇ. ചന്ദ്രന്‍കൂടി അറസ്റ്റിലാകാനുണ്ട്.
രമയുടെ മകന് വിനീഷ്, ഷഡാനനന്റെ ഭാര്യ ജയശ്രീ എന്നിവരുടെയും മറ്റും പേരില്‍ ബാങ്കില്‍ മുക്കുപ്പണ്ടം പണയം വച്ചിട്ടുണ്ട്. ഔദ്യോഗികപദവി ദുരുപയോഗിച്ചും മുക്കുപ്പണ്ടം പണയം വെക്കാന്‍ സഹായിച്ചും 70 ലക്ഷത്തോളം രൂപ ബാങ്കിന് സാമ്പത്തിക നഷ്ടംവരുത്തിയതാരെന്ന് കണ്ടെത്തി കേസില്‍ പ്രതികളാക്കാനാണ് പോലീസിന്റെ തീരുമാനം. നാല് പണയങ്ങളിലായി 11 ലക്ഷം രൂപയാണ് വിനീഷിന്റെ പേരില്‍ പണയം വെച്ചത്.