കോട്ടയം: കോട്ടയം ആർടി ഓഫീസ് കേന്ദ്രീകരിച്ച് വൻ ക്രമക്കേട്. വാഹന ഉടമ അറിയാതെ ഉടമസ്ഥാവകാശം മറ്റൊരാൾക്കു കൈമാറിയ തട്ടിപ്പിനെതിരെ വിജിലൻസിനു പരാതി നല്‍കാനൊരുങ്ങി വീട്ടമ്മ. ചെങ്ങന്നൂർ മാന്നാർ സ്വദേശിനിയും കോട്ടയം സംക്രാന്ത്രിയിൽ താമസക്കാരിയുമായ നിഷയാണു ആർടി ഓഫീസിലെ ക്രമക്കേടിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
നിഷയുടെ പേരിലുള്ള ടൊയോട്ട ഇന്നോവയുടെ ഡ്രൈവറായിരുന്ന കോട്ടയം സ്വദേശി പ്രവീണ്‍ എസ്. നായരുടെ പേരിലേക്കു മാറ്റിയ ആർടി ഓഫീസിലെ നടപടിയ്ക്കെതിരെയാണ് പരാതി. സ്വന്തം വാഹനത്തിന്റെ ഉടമസ്ഥാവകാശം കണ്മുന്നിലൂടെ ഡ്രൈവർ കൊണ്ടുപോയിട്ടും ഒന്നും ചെയ്യാനാവാതെ, ഇനി എന്ത് ചെയ്യണമെന്ന ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് നിഷ.
വ്യാജരേഖ ചമച്ച് ഉടമസ്ഥാവകാശം മാറ്റിയതിനെതിരെ പ്രതികരിച്ചപ്പോൾ കുരുക്കിൽനിന്നും കുരുക്കിലേക്ക്. ആർടിഒ ഓഫീസിലെ ക്രമക്കേടിനെതിരെ പരാതിപ്പെട്ടപ്പോൾ പോലീസ് അന്വേഷണം വൈകുന്നു.സംഭവത്തെപ്പറ്റി നിഷ പറയുന്നതിങ്ങനെ, 2013ലാണു ചെങ്ങന്നൂർ മാന്നാർ സ്വദേശിനിയായ നിഷ തന്റെ പേരിൽ ഇന്നോവ വാങ്ങുന്നത്. ഒരു വർഷം മുന്‍പ് ഇവർ കോട്ടയം സംക്രാന്തിയിലേക്കു താമസം മാറി എത്തിയതോടെ കഞ്ഞിക്കുഴിയിലുള്ള എജൻസി വഴി കോട്ടയം സ്വദേശിയായ പ്രവീണ്‍ എസ്. നായർ വാഹനത്തിന്റെ ഡ്രൈവറായെത്തി.
ഭർത്താവ് റജി സാമുവൽ സൗദിയിലായതിനാൽ നിഷയുടെ കുടുംബം തുടർന്നും ഇയാളെതന്നയാണ്െ ഡ്രൈവറായി വിളിച്ചിരുന്നത്. കുറച്ച് നാളുകൾക്കു മുന്‍പു വണ്ടിയുടെ സീറ്റിൽ വിരിക്കുന്ന ടർക്കി വാങ്ങാനായി പ്രവീണിന്റെ കൈയിൽ 2500 രൂപ എൽപ്പിച്ചിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും ടർക്കി വാങ്ങാതായതോടെ ഇയാളെ വിളിച്ചു കാര്യം അന്വേഷിച്ചെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു.
പിന്നിട് ഓട്ടം വിളിച്ചാൽ വരാതെയുമായി. കുറച്ച് നാളുകൾക്കു മുൻപ് നിഷയുടെ ഭർത്താവ് റജി സാമുവൽ നാട്ടിലെത്തിയപ്പോൾ വണ്ടിയുടെ ടയർ മാറ്റുന്നതിനു വർക്ക് ഷോപ്പിൽ എത്തിച്ചു, അവിടെ വച്ചാണു മുൻപ് ടയർ മാറ്റാനായി ഇയാളെ പണം ഏൽപിച്ചെങ്കിലും അവിടെയും പണം തട്ടിയതായി അറിഞ്ഞത്. പിന്നിട് പുകപരിശോധനയ്ക്കായി വണ്ടിയുടെ ആർസി ബുക്ക് അന്വേഷിച്ചപ്പോൾ അതു വാഹനത്തിൽ ഇല്ലായിരുന്നു.
പ്രവീണിനെ വിളിച്ചു ചോദിച്ചപ്പോൾ ആർസി ബുക്ക് തന്റെ കൈവശം ഉണ്ടെന്ന് പറയുകയും നാളെ തന്നെ എത്തിക്കാമെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് പ്രവീണിനെ വിളിക്കുന്പോൾ ഫോണ്‍ ലഭിക്കാതെയുമായി. തുടർന്നു റജി സാമുവൽ ഏറ്റുമാനൂർ പോലീസിൽ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ വിളിച്ചു ചോദ്യം ചെയ്തപ്പോൾ ആർസി ബുക്ക് പ്രവീണ്‍ മൂവാറ്റുപുഴ സ്വദേശിക്കു പണയംവച്ചെന്നു മൊഴി നല്കി.
പ്രവീണ്‍ നൽകിയ നന്പറിൽ ബന്ധപ്പെട്ടപ്പോൾ പണയം വച്ചത് ശരിയാണെന്നു ബോധ്യമാകുകയും ചെയ്തു. കേസ് ആവശ്യത്തിനായി ആർസി ബുക്കിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിനു ആർടിഒയുടെ സൈറ്റിൽ തെരഞ്ഞെപ്പോൾ 17 ദിവസം മുന്‍പു വണ്ടിയുടെ ഉടമസ്ഥാവകാശം പ്രവീണ്‍ സ്വന്തം പേരിലേക്കു മാറ്റിയതായി അറിയുന്നത്.
ആർടിഒയ്ക്കു പരാതി നൽകിയതനുസരിച്ച് അന്വേഷിച്ചപ്പോൾ ആർസി ബുക്ക് ഡെസ്പാച്ച് വിഭാഗത്തിൽ ഉണ്ടെന്ന് വ്യക്തമായി. ആർടിഒ അതു മരവിപ്പിക്കുകയും അടുത്ത ഹിയറിംഗിൽ സ്വന്തം പേരിലേക്കു തന്നെ വണ്ടി മാറ്റിത്തരാൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ഇതേസമയം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് പ്രവീണിനെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു. ആർടിഒ വിളിച്ചു ചേർത്ത ഹിയറിംഗിലാണു പ്രവീണ്‍ റിമാൻഡിലാണെന്ന് ആർടിഒ അറിഞ്ഞത്. കേസ് രജിസ്റ്റർ ചെയ്തതിനാൽ നിഷയുടെ പേരിലേക്കു വാഹനം മാറ്റാൻ സാധിക്കില്ലെന്നും മറ്റ് രേഖകൾ പോലീസ് മരവിപ്പിച്ചതിനാൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ആർടിഒ അറിയിച്ചു.
ആർടിഒ ആവശ്യപ്പെട്ടാൽ രേഖകൾ കൈമാറാൻ പോലീസ് സന്നദ്ധത അറിയിച്ചെങ്കിലും ആർടി ഓഫീസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നു നിഷ പറയുന്നു. ആർടി ഓഫീസിൽ ഉണ്ടായ ക്രമക്കേട് മറച്ച് വയ്ക്കാനാണ് ആർടിഒ ശ്രമിക്കുന്നതെന്നും ഇതുമൂലം സ്വന്തം പണം മുടക്കി വാങ്ങിയ വണ്ടി ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും നിഷ പറയുന്നു.