പാനൂർ: എലാങ്കോട് വെച്ച് യാത്രക്കാരെ തടഞ്ഞുവെച്ച് പണം തട്ടിപ്പറിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. തട്ടിപ്പ്സംഘം പാനൂർ മേഖലയിൽ വ്യാപകമെന്ന് സൂചന. കഴിഞ്ഞ സംഭവത്തിൽ മാത്രം പതിനൊന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായിരിക്കുന്നത്.
പണം നഷ്ടപ്പെട്ട സംഘത്തെ ഭീഷണിപ്പെടുത്തി പരാതി നൽകുന്നത് തടയാൻ ആദ്യഘട്ടം തന്നെ ശ്രമം നടന്നെങ്കിലും പാനൂർ സിഐ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന ശക്തമായ ഇടപെടലിലൂടെയാണ് പ്രതികളെ പിടികൂടാനായത്.പണം തട്ടിപ്പിന്റെ വൻ റാക്കറ്റ് തന്നെയാണ് മേഖലയിലുണ്ടെന്നാണ് പ്രതികളെ ചോദ്യം ചെയ്യലിലൂടെ വ്യക്തമായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സ്ഥിരം പ്രതികളെ ഹാജരാക്കി കേസ് ചിലരിൽ മാത്രം ഒതുക്കാനുള്ള ശ്രമവും നടന്നിരുന്നു.
കുഴൽപണ വിതരണത്തിനായി പ്രദേശത്തെത്തുന്ന സംഘങ്ങളെയാണ് തട്ടിപ്പ് സംഘം ആദ്യഘട്ടങ്ങളിൽ ഇരയാക്കിയിരുന്നതെങ്കിൽ മറ്റ് പണമിടപാടുകാരെ പോലും ലക്ഷ്യമിടുന്ന സ്ഥിതിയായി. തട്ടിപ്പ് നടത്തുന്ന പണവുമായി സംഘം ആർഭാട ജീവിതം നയിക്കുകയാണ്. തട്ടിയെടുത്ത പണം കൊണ്ട് സംഘം കുടകിലാണ് ക്യാമ്പ് ചെയ്തത്.
അവിടെ സ്ത്രീകളെ ഉപയോഗിച്ച് അനാശാസ്യം നടത്തുകയും മദ്യം ഉപയോഗിച്ചും മുന്തിയ വാഹനങ്ങൾ വിലയ്ക്ക് വാങ്ങിയുമാണ് ഇവർ ആഢംബര ജീവിതം നയിച്ചത്. കഴിഞ്ഞ ദിവസം പണം തട്ടിയെടുത്ത സംഘത്തിലെ പിടിയിലാകാത്തവർ വാഹനം വാടകക്കെടുത്ത്
അന്യസംസ്ഥാനങ്ങളിൽ പോയി വിനോദ സഞ്ചാരം നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മൈസൂരിൽ പെൺവാണിഭ കേന്ദ്രങ്ങളിൽ ചിലരെത്തിയതായും സൂചനയുണ്ട്.പ്രതികളായ ചിലർ നാട്ടിലെത്തിയതായി സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് പല വീടുകളിലും പരിശോധന നടത്തി. ഇവർ സന്ദർശനം നടത്തിയതായി സംശയിക്കുന്ന പല സ്ഥലങ്ങളിലേയും സർവലയൻസ് ക്യാമറകളും അന്വേഷണസംഘം പരിശോധന നടത്തി.
പ്രതികൾ രക്ഷപ്പെടാത്ത രീതിയിൽ പോലീസ് ശക്തമായ വലവിരിച്ചിരിക്കയാണെന്നും സംഘം പിടിയിലാകുന്നതോടെ പാനൂർ മേഖലയിലെ പണം തട്ടിപറിക്കൽ സംഭവത്തിന് അറുതിയാകുമെന്നും സിഐ ടി.പി.ശ്രീജിത്ത് പറഞ്ഞു.