ചെങ്ങന്നൂർ: തൊഴിൽ തട്ടിപ്പിലൂടെ കോടികൾ തട്ടിയ മുൻ ബി.ജെ.പി. പഞ്ചായത്തംഗം കസ്റ്റഡിയിലായതായി വിവരം.ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, റെയിൽവേ എന്നിവിടങ്ങളിൽവിവിധ തസ്തികകളിൽ ജോലി തരപ്പെടുത്തി നൽകാമെന്നു പ്രലോഭിപ്പിച്ച് നിരവധി പേരിൽ നിന്നും കോടികളാണ് തട്ടിയെടുത്തത്.
മുൻ ബി.ജെ.പി പഞ്ചായത്തംഗവുംഹിന്ദു ഐക്യവേദി മുൻ ജില്ലാ സെക്രട്ടറിയുമായ മുളക്കുഴ കാരയ്ക്കാട് മലയിൽ സനു എൻ. നായരാണ് ചെങ്ങന്നൂർ പോലീസിൻ്റെ കസ്റ്റഡിയിലായത്.
പത്തനംതിട്ട നഗരസഭയിൽ കല്ലറക്കടവ് മാമ്പറ നിതിൻ ജി. കൃഷ്ണയുടെയും സഹോദരന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ -സനു എൻ നായർ, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ, എറണാകുളം തൈക്കുടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യു എന്നിവർക്കെതിരെയാണ് കേസ്സ് രജിസ്റ്റർ ചെയ്തത്.
35 ഉദ്യോഗാർഥികളിൽ നിന്നായി നാലുകോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന. മുതിർന്ന ബി.ജെ.പി. നേതാക്കളുടെ വിശ്വസ്തനെന്നു പറഞ്ഞാണ് സനുവും കൂട്ടരും പണം തട്ടയത്. കേസിലെ മറ്റു പ്രതികൾ പിടിയിലാകാനുണ്ട്.
വിശദമായ ചോദ്യം ചെയ്യലിൽ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങളും, ചില ഉന്നതരിലേക്കും അന്വേഷണമെത്തുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്.
ബി.ജെ.പി. മുളക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റു കൂടിയായ സനു തനിക്കുള്ള വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ നൽകാമെന്ന് വാവാഗ്ദാനം നൽകി പണം വാങ്ങിയ ശേഷം വഞ്ചിച്ചതായാണ് പരാതിയിൽ പറയുന്നത്.
ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കുന്നതിനായി എഫ്.സി.ഐ. കേന്ദ്രബോർഡംഗമെന്ന നിലയിൽ ലെനിൻ മാത്യുവിനെ പരിചയപ്പെടുത്തി.കോർപ്പറേഷന്റെ ബോർഡോടു കൂടിയ കാറിൽ ചുറ്റി സഞ്ചരിച്ചാണ്ഉദ്യോഗാർഥികളെ സമീപിച്ചിരുന്നത്.
ഇതിനിടയിൽ ബി.ജെ.പി. കേന്ദ്ര മന്ത്രിമാരോടും, നേതാക്കളോടൊപ്പവും നിൽക്കുന്ന നിരവധി ഫോട്ടോകൾ കാണിച്ചു വിശ്വാസ്യത ഉറപ്പ് വരുത്തിയിരുന്നു. 10 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയാണ് കൈപ്പറ്റിയിരിക്കുന്നത്.
അഭിമുഖത്തിന്റെ പേരിൽ ഉദ്യോഗാർഥികളെ ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ എഫ്.സി.ഐ. ഓഫീസുകൾക്ക് സമീപമുള്ളഹോട്ടലുകളിൽ താമസിപ്പിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെ പണം നഷ്ടമായവർ ചോദ്യം ചെയ്തു.
പിന്നീട് പ്രതികൾ വ്യാജ ഉത്തരവ് നൽകി രക്ഷപ്പെടാൻ ശ്രമിച്ചു. സംശയം തോന്നിയതോടെയാണ് ഉദ്യോഗാർഥികൾ പോലീസിൽ പരാതി നൽകിയത്. പണം തിരികെ ചോദിക്കുമ്പോൾ കള്ള കേസ് നൽകുകയും, രാഷ്ട്രീയ സ്വാധീനത്താൽ ഭീഷണിപ്പെടുത്തിയിരുന്നതായും തുക നഷ്ടപ്പെട്ടവർ പോലീസിൽ മൊഴി നൽകിയിരുന്നു.
കഴിഞ്ഞ 10-ന് സനുവിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ കാരയ്ക്കാട്ടെ ഒരു വീട്ടിൽ നിന്നും പോലീസ് ആറു ദിവസം മുൻപ് പിടിച്ചെടുത്തിരുന്നു.