വൈക്കം: വീട് നിർമാണത്തിന് സർക്കാരിൽനിന്ന് അനുവദിച്ച പണം വയോധികയെ കബളിപ്പിച്ച് തട്ടിയെടുത്ത എസ് സി പ്രമോട്ടറും വൈക്കം നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കുടുങ്ങും. പണം തട്ടിയെടുത്ത പ്രമോട്ടർക്കും ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കും എതിരേ ശക്തമായ നടപടി വേണമെന്നാണ് വൈക്കം നഗരസഭ കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്നാം വാർഡിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വാര്യത്തൊടി ഓമനയെ കബളിപ്പിച്ച് രണ്ടു ലക്ഷത്തിലധികം രൂപയാണ് എസ് സി പ്രമോട്ടർ തട്ടിയെടുത്തത്. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്താണ് സംഭവം. തനിച്ചു താമസിക്കുന്ന നിർധനയായ ഓമനയ്ക്കു വീടു നിർമിക്കാൻ മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. വീടിനു തറ കെട്ടിയ വയോധികയ്ക്കു ബാക്കി പണികൾ നടത്തുന്നതിന് അനുവദിച്ച രണ്ടും മൂന്നും ഗഡുവായ 2,10,000 രൂപയുടെ ചെക്ക് ഒപ്പിട്ടു വാങ്ങി തട്ടിയെടുക്കുകയായിരുന്നു.
ഇതു സംബന്ധിച്ചു നഗരസഭ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി കുറ്റം സമ്മതിച്ചെങ്കിലും പണം അടയ്ക്കുന്നതിനു തയാറായില്ല. നഗരസഭ കൗണ്‍സിലിൽ ഭൂരിഭാഗം അംഗങ്ങളും ഓമനയ്ക്കു വീടു നിർമിച്ചു നൽകുന്നതിനും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും നടപടി ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. വയോധികയെ കബളിപ്പിച്ചു പണം തട്ടിയെടുത്തതിന് വിജിലൻസിന്റെ കേസന്വേഷണം അവസാന ഘട്ടത്തിലാണ്.
ഓമനയ്ക്ക് വീടു നിർമ്മിച്ചു നൽകാൻ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന മനുഷ്യാവശ്യ കമ്മീഷന്റെ നിർദ്ദേശം പരിഗണിച്ചു ഓമനയ്ക്കു വീടു നിർമ്മിച്ചു നൽകാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ പി.ശശിധരൻ അറിയിച്ചു. ചർച്ചയിൽ ഡി.രഞ്ജിത്ത് കുമാർ, പി.എൻ.കിഷോർ കുമാർ, എ.സി.മണിയമ്മ, രോഹിണിക്കുട്ടിയമ്മ തുടങ്ങിയവർ സംബന്ധിച്ചു.