പത്തനംതിട്ട: സീതത്തോട് സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ക്രമക്കേടുകളില്‍ സെക്രട്ടറി ആയിരുന്ന കെ.യു. ജോസ് മാത്രമാണ് നിലവില്‍ കുറ്റക്കാരനെന്ന് ബാങ്ക് പ്രസിഡന്റ് ടി.എ. നിവാസ്.
സഹകരണ വകുപ്പ് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ജോസിനെതിരേ നടപടികള്‍ സ്വീകരിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. നിലവില്‍ സഹകരണ നിയമം 65 -ാം ചട്ടപ്രകാരമുള്ള അന്വേഷണമാണ് നടന്നിട്ടുള്ളത്.
ചട്ടം 68 പ്രകാരം മറ്റൊരു അന്വേഷണവും നടക്കുന്നത്. ഏത് അന്വേഷണത്തെയും നേരിടാന്‍ ബാങ്ക് ഭരണസമിതി തയാറാണ്. കുറ്റക്കാരായി കണ്ടെത്തുന്ന ആരെയും സംരക്ഷിക്കേണ്ട ആവശ്യകത ഭരണസമിതിക്കില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
2013 – 19 കാലയളവിലാണ് ബാങ്കില്‍ ഇത്രയധികം തുകയ്ക്കുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുള്ളത്.
ഇക്കാലയളവില്‍ 1,40,49,233 രൂപ അപഹരിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സെക്രട്ടറിയായിരുന്ന കെ.യു. ജോസ് സ്വന്തം അക്കൗണ്ടിലേക്കും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്കും തുക മാറ്റിയതായാണ് കണ്ടെത്തിയത്.
അപഹരിക്കപ്പെട്ടതായി കണ്ടെത്തിയ തുക തിരിച്ചടച്ചതായി വ്യാജരേഖ ചമച്ച് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കുന്ന സമീപനവും സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് പ്രസിഡന്റ് പറഞ്ഞു. നേരത്തെ സെക്രട്ടറിയായിരുന്ന കെ.എന്‍.
സുഭാഷിന്റെ പേരിലുണ്ടായിരുന്ന ബാധ്യത തിരിച്ചടച്ചിട്ടുള്ളതിനാല് അദ്ദേഹത്തിനെതിരെ നിയമപരമായ നടപടിയില്ല. കെ.യു. ജോസിനെതിരെ ക്രിമിനല്‍ നടപടിക്ക് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ഭരണസമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
താന്‍ നടത്തിയിട്ടുള്ള തിരിമറികള്‍ മറ്റുള്ളവരുടെമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് കെ.യു. ജോസ് നടത്തുന്നതെന്നും ഭരണസമിതി കുറ്റപ്പെടുത്തി. ഇദ്ദേഹത്തെ മറയാക്കി കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കുകയാണ്. ജോസിന്റെ നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസ് ബാങ്കിനെതിരെ സമരം നടത്തുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
20 കോടി രൂപ നിക്ഷേപവും 23 കോടി രൂപ വായ്പാ ബാക്കിനില്പും 10 കോടി രൂപയുടെ ആസ്തിയും ബാങ്കിനുണ്ട്. നിലവില്‍ 2.16 കോടി രൂപയുടെ നഷ്ടമാണ് ഓഡിറ്റിംഗില്‍ കാണിച്ചിട്ടുള്ളത്. ബാങ്ക് നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഭരണസമിതി ബാധ്യസ്ഥമാണെന്നും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.
സ്ഥലം എംഎല്‍എയ്ക്കും സിപിഎം നേതൃത്വത്തിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് നടപടിയില്‍ നിന്നു രക്ഷപെടാനുള്ള ശ്രമമാണ ്മുന്‍ സെക്രട്ടറി നടത്തുന്നതെന്നും അദ്ദേഹത്തിനെതിരെ പാര്‍ട്ടിതലത്തില്‍ നേരത്തെതന്നെ നടപടിയെടുത്തിരുന്നുവെന്നും സിപിഎം ലോക്കല്‍ സെക്രട്ടറി കെ.കെ. മോഹനന് പറഞ്ഞു.