കായംകുളം: സംസ്ഥാനത്തെ ഒട്ടേറെ വിവാഹ തട്ടിപ്പു കേസുകളിൽ പ്രതിയായ ശാലിനി ഇതുവരെ കെണിയിൽ വീഴ്ത്തിയത് നിരവധിപേരെ. കേസുകളിൽ അകത്തായി ജാമ്യം കിട്ടി പുറത്തിറങ്ങി വീണ്ടും ഇവർ തട്ടിപ്പ് നടത്തിയവരുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. കൂടുതലും പരസ്യങ്ങളിലൂടെയാണ് വിവാഹ തട്ടിപ്പ് നടത്തിയിരുന്നത്. ഇന്നലെയാണ് തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തിൽ ശാലിനിയെ (35) കായംകുളം പോലീസ് അറസ്റ്റ് ചെയ്തത .
കായംകുളം പുതുപ്പള്ളി സ്വദേശി സുധീഷ്ബാബു കായംകുളം പൊലീസിന് നൽകിയ പരാതിയിലാണ് ഇവർ പിടിയിലായത് . വിവാഹ മോചിതനായ സുധീഷ്ബാബു നൽകിയ വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ അഞ്ചിന് വാരണപ്പള്ളി ക്ഷേത്രത്തിൽ വിവാഹം കഴിച്ച ശേഷമാണ് ഇവരുടെ തട്ടിപ്പ് തിരിച്ചറിയുന്നത്. സംസ്ഥാനത്തെ നിരവധി സ്റ്റേഷനുകളിൽ വിവാഹതട്ടിപ്പിന് ഇവർക്കെതിരെ കേസ് നിലവിലുണ്ട്.
ഓച്ചിറ ക്ഷേത്ര ദർശനത്തിനിടെ ശാലിനിയുടെ തട്ടിപ്പുകൾ അറിയാവുന്ന ഒരാൾ കണ്ടതാണ് പിടിയിലാകാൻ കാരണമായത്. ഇദ്ദേഹം നൽകിയ സൂചനകളാണ് കൂടുതൽ തട്ടിപ്പിൽ നിന്നും സുധീഷ്ബാബു രക്ഷപ്പെടാനും കാരണമായത്. ഇയാളുടെ പേരിലുള്ള വസ്തുവായിരുന്നു ശാലിനി നോട്ടമിട്ടിരുന്നതെന്നു പറയുന്നു .
മഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എന്ന നിലയിലാണ് പരിചയപ്പെടുന്നത്. വിവാഹിതയാണെന്നും ഭർത്താവ് മരണപ്പെട്ടതായും പറഞ്ഞു. തുടർന്ന് എറണാകുളത്തുവച്ച് നേരിൽ കണ്ട്. മാതാപിതാക്കൾ ചെറുപ്പത്തിലെ മരണപ്പെട്ടതിനാൽ മറ്റ് ബന്ധുക്കളില്ലെന്നും ഭർത്താവിന്റെ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നതെന്നും അറിയിച്ചു. ഭർതൃസഹോദരിയെന്ന പേരിൽ ആരോ ഫോണിലും വിളിച്ചിരുന്നു.
വിവാഹാവശ്യത്തിന് ഉടനെ പണം സംഘടിപ്പിക്കാനുള്ള പ്രയാസം അറിയിച്ചപ്പോൾ രണ്ടര പവൻ ആഭരണം പണയം വെക്കാനായും നൽകി. ഇതിനിടെ വീടിന്റെ ബാധ്യത അറിഞ്ഞപ്പോൾ ഇത് തീർക്കാനായി 1,75,000 രൂപയുടെ ചെക്ക് നൽകിയെങ്കിലും തുകയില്ലാത്തതിനാൽ മടങ്ങി. ഇതിനിടെയാണ് തട്ടിപ്പുകാരിയാണെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് സുധീഷ്ബാബുവിന്റെ വീട്ടിലെത്തിയ പോലീസ് തന്ത്രപരമായി ഇവരെപിടികൂടുകയായിരുന്നു.
മലപ്പുറം കൊണ്ടോട്ടി പുളിക്കലക്കണ്ടിവെട്ടുപാറ കുളന്പത്ത് മണ്ണാറക്കൽ എന്ന വിലാസവും ഇവർ താമസിക്കുന്ന സ്ഥലമായി പൊലീസിന് നൽകിയിട്ടുണ്ട്. യുവാവിൽ നിന്നും മൂന്നുപവന്റെ മാല വാങ്ങി പകരമായി യുവാവിന് സ്നേഹ സമ്മാനമെന്ന് പറഞ്ഞു അഞ്ചപവന്റെമാലയെന്ന് പറഞ്ഞു മറ്റൊരു മാല നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം യുവാവിന്റെ സുഹൃത്തുക്കൾ കണ്ട് ശാലിനിയെ തിരിച്ചറിയുകയും, തുടർന്ന് സുഹുത്തുക്കൾ യുവാവിനെ ഫോണിൽ വിളിച്ചു വരുത്തി വിവരങ്ങൾ പറയുകയും ചെയ്തു.
മുന്പ് സമാനരീതിയിൽ ഇവർ തട്ടിപ്പ് നടത്തി ചാനലുകളിൽ വന്ന ദൃശ്യങ്ങൾ സുഹൃത്തുക്കൾ യുവാവിനെ കാണിക്കുകയും ചെയ്തപ്പോഴാണ് യുവാവിന് തട്ടിപ്പ് മനസിലായത്. തനിക്ക് പറ്റിയ തട്ടിപ്പു മനസിലായതിനെ തുടർന്ന് യുവാവ് തനിക്ക് നൽകിയ മാലയും വിവാഹത്തിന് തന്റെ വീട്ടുകാർക്ക് നൽകിയ ആഭരണങ്ങളും പരിശോധിച്ചപ്പോഴാണ് തനിക്ക് നൽകിയത് മുക്കുപണ്ടങ്ങളാണെന്ന് മനസിലായത്.
തുടർന്ന് യുവാവ് കായംകുളം സ്റ്റേഷനിലെത്തി ശാലിനിക്ക് എതിരെ കേസ് നൽകുകയായിരുന്നു. തുടർന്ന് യുവാവിന്റെ പിന്നീടുള്ള പെരുമാറ്റത്തിൽ സംശയം തോന്നിയ ശാലിനി രാവിലെ തന്നെ സ്ഥലം വിടുന്നതിനായി കായംകുളം കഐസ്ആർടിസി സ്റ്റാൻഡിൽ എത്തിയെങ്കിലും ബസ് കാത്തു നിലക്കുന്ന സമയം കായംകുളം സർക്കിൾ ഇൻസ്പെക്ടർ വി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ബസ് സ്റ്റാൻഡിൽ നിന്നും ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സമാനരീതിയിൽ ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട, കായംകുളം എന്നിവിടങ്ങളിൽ നിരവധി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. കായംകുളം കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ഇവരെ കോടതി റിമാന്റ് ചെയ്തു.