തിരുവല്ല: സ്വകാര്യ മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പിനു ശ്രമിച്ചതിന് പിടിയിലായ ഇറാനിയന്‍ പൗരനെ സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പോലീസ്. ടെഹ്്റാനില്‍ നിന്ന് ഇന്ത്യയിലെത്തിയ സൊറാദാണ് ഇന്നലെ തിരുവല്ലയില്‍ അറസ്റ്റിലായത്.
സൊറാദ് ഘോലിപോള് എന്നാണ് ഇയാളുടെ മുഴുവന്പേര്.മലയാളം വ്യക്തമായി സംസാരിക്കുന്ന ഇയാള്‍ സമാനരീതിയിലുള്ള തട്ടിപ്പ് പല സ്ഥലങ്ങളിലും നടത്തിയിട്ടുള്ളതായി സംശയിക്കുന്നു.
തിരുവല്ലയിലെ മണി എക്സ്ചേഞ്ച് സ്ഥാപനമായ അഹല്യമണിയില് ഇന്നലെ ഉച്ചകഴിഞ്ഞ എത്തിയ ഇയാളെ ജീവനക്കാരുടെ അവസോരചിതമായ ഇടപെടലില്‍ കുടുക്കുകയായിരുന്നു.
1000 യുഎസ് ഡോളര്‍ മാറിനല്കണമെന്നാവശ്യപ്പെട്ടാണ് സ്ഥാപനത്തില്‍ വന്നത്. 50 യുഎസ് ഡോളറും 50 ഡോളറിന്റെ ഇന്ത്യന്‍ കറന്‍സിയുമാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഇതിനിടെ കുറച്ചു പണം ദിര്‍ഹമാക്കി നല്‍കുമോയെന്നും ചോദിച്ചു.
അവിടെനിന്ന് ദിര്‍ഹത്തിന്റെ ഒരു കെട്ട് വാങ്ങി ഇയാള്‍ പരിശോധിക്കാനും തുടങ്ങി. ദിര്‍ഹം എണ്ണുന്നതിലെ പ്രത്യേകത തോന്നി സ്ഥാപന ജീവനക്കാര്‍ ഇയാളെ തടഞ്ഞുവച്ചു.
തിരുവല്ല എസ്ഐ സലിമിന്റെ സലിമിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി പഴ്സ് പരിശോധിച്ചപ്പോഴാണ് നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഓരോ നോട്ട് കണ്ടത്. കൂടാതെ 2820 രൂപയും നൂറിന്റെ ഒന്നും ഒന്നിന്റെ 84 ഉം യുഎസ് ഡോളറും പഴ്സില്‍ ഉണ്ടായിരുന്നു.
ഇറാനിയന്‍ പാസ്പോര്‍ട്ടും ഇറാനിയന്‍ ഇന്റര്‍ നാഷണല്ഡ്രൈവിംഗ് ലൈസന്‍സും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. കൈവശം ബാഗോ മൊബൈല്‍ ഫോണോ ഉണ്ടായിരുന്നില്ല.
വിവരം അറിഞ്ഞ് സ്ഥലത്ത് വന്ന റോ, ഐബി ഉദ്യോഗസ്ഥര്‍ക്ക് ഇയാളെ കണ്ട് സംശയം തോന്നി. കൈവശമുള്ള രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ഇറാനിയന്‍ പൗരന് 2018 ജൂലൈ 31 ന് പത്തനംതിട്ടയിലെ റോയല്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ നിന്നും ഉടമയെ കബളിപ്പിച്ച് 60,000 രൂപ തട്ടിയെടുത്തുവെന്ന് വ്യക്തമായി.
മാര്‍ച്ച് നാലിന് ഡല്‍ഹിയില്‍ സന്ദര്‍ശക വീസയില്‍ എത്തിയെന്നാണ് ഇയാള്‍ പറഞ്ഞത്. അവിടെ നിന്നും മുംബൈയിലും ബംഗളൂരുവിലും എത്തി.
ഇന്നലെ ബംഗളുരുവില്‍ നിന്നും ടാക്സി കാറില്‍ തിരുവല്ലയില്‍ എത്തിയെന്നും 35,000 രൂപ കൂലി കൊടുത്തെന്നും ബാഗും മറ്റ് തുണികളും മൊബൈല്‍ ഫോണും ഇല്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്.
കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മൊഴിയില്‍ വൈരുധ്യം കണ്ടതിനെ തുടര്‍ന്നാണ് റോ, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയത്. രണ്ടു വര്‍ഷം മുമ്പ്് തട്ടിപ്പിന് ഇരയായ പത്തനംതിട്ട റോയല്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഉടമ ഷെറിന് ഷായെ വിളിച്ചു വരുത്തി.
തന്റെ കൈയില്‍ നിന്നും പണം തട്ടിയത് ഇയാള്‍ തന്നെയാണെന്ന് ഷെറിന് തിരിച്ചറിയുകയും ചെയ്തു. രാത്രി വൈകി ഇയാളെ കോവിഡ് കെയര്‍ സെന്ററിലേക്കു മാറ്റി. ഇന്ന് കോവിഡ് പരിശോധന നടത്തും.