മൂവാറ്റുപ്പുഴ: തട്ടിപ്പിൽ നഷ്ടപ്പെട്ട എട്ടു ലക്ഷം വാങ്ങിത്തരാം എന്നു പറഞ്ഞ് വ്യാജ ഡിറ്റക്ടീവ് തട്ടിയത് 25 ലക്ഷം. സംഭവത്തിൽ പിടിയിലായ പ്രതി പെരുമ്പാവൂർ അശമന്നൂർ ഓടക്കാലി പൂമല കോളനി പാലകുഴിയിൽ സുദർശനെ (24) ഇന്ന് മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
സമാനമായ രീതിയിൽ ഇയാൾ മറ്റാളുകളെ കബളിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണെന്നും പ്രതി ഒറ്റക്കാണോ, സംഘം ചേർന്നാണോ തട്ടിപ്പ് നടത്തുന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.
വ്യാജ സ്ക്രാച്ച് കാർഡ് വഴി എട്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ആരക്കുഴ സ്വദേശിയുടെ പണം തിരികെ വാങ്ങിനാൽകാം എന്ന് വിശ്വസിപ്പിച്ചാണ് 25 ലക്ഷം രൂപ തട്ടിയത്.
റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കേരള തമിഴ്നാട്അതിർത്തിയിലുള്ള രഹസ്യ താമസസ്ഥലത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്.
പണം തട്ടിയത് പല ഘട്ടങ്ങളായി
രണ്ട വർഷം മുമ്പാണ് ആരക്കുഴ സ്വദേശിക്ക് സ്ക്രാച്ച് കാർഡ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടത്. ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പായതിനാൽ കാര്യമായ അന്വേഷണം നടന്നില്ല. ഇതിനിടെയാണ് സുഹൃത്തുക്കളിൽ ഒരാളിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് സുദർശനുമായി പരിചയപ്പെടുന്നത്.
സ്വകാര്യഡിറ്റക്ടീവാണെന്ന് സ്വയം പരിചയപെടുത്തി യ പ്രതി അതിവിദഗ്ധമായാണ് പണം തട്ടിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പല ഘട്ടങ്ങളിലായിട്ടാണ് പണം കൈക്കലാക്കിയത്. പരാതിക്കാരനെ വിശ്വസിപ്പിക്കാനായി ആർബിഐ, എസ്ബിഐ ഉദ്യോഗ്സഥരാണെന്ന് പറഞ്ഞ് പ്രതിതന്നെ ശബ്ദം മാറ്റി വിളിച്ചിരുന്നു.
തുടർന്ന് ആർബിഐ, എസ്ബിഐ എന്നിവിടങ്ങളിൽ ഫീസ് അടയ്ക്കണമെന്നും പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ഇത് തുടർന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് പരാതിക്കാരൻ മനസിലാക്കിയത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
ഒളിവിൽ കഴിയവെ പിടിയിൽ
പ്രതിയോടൊപ്പം മറ്റാരെങ്കിലും പങ്കുചേർന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരൻ എന്ന വ്യാജേന ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെ പറ്റി പോലീസ് അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്.
അന്വേഷണസംഘത്തിൽ സിഐ സി.ജെ. മാർട്ടിൻ, എസ്ഐആർ അനിൽകുമാർ, എഎസ്ഐ പി.സി. ജയകുമാർ, സീനിയർ സിപിഓമാരായ ടി.എൻ. സ്വരാജ്, ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്നു സമർപ്പിക്കും.