തൃശൂർ: ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്ന കേസിൽ ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ മേധാവിക്കു തൃശൂർ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. സ്ഥാപനം അടച്ചുപൂട്ടിയെന്നും നിക്ഷേപത്തട്ടിപ്പിനു കൂടുതൽ പരാതികളുണ്ടെന്നും കേസ് ഡയറിയിൽനിന്നു വ്യക്തമാണെന്നു ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ പറഞ്ഞു.
ഹോംഫിറ്റ് ഫിനാൻസ് ആൻഡ് ലീസിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പുല്ലഴി സ്വദേശി എം.ജി. സുകുമാരൻ (64) സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയാണു ജില്ലാ ജഡ്ജി ആനി ജോണ് തള്ളിയത്. നാലര ലക്ഷം രൂപ നിക്ഷേപിച്ച കുറുന്പിലാവ് കളരിക്കൽ വീട്ടിൽ ഗ്രീനോൾ (63) നൽകിയ പരാതിയിൽ പോലീസ് കേസെടുത്തപ്പോഴാണു സുകുമാരൻ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചത്.
നിക്ഷേപത്തട്ടിപ്പിന് ഇയാൾക്കെതിരേ വേറേയും കേസുകളുണ്ട്. സ്ഥിരം നിക്ഷേപത്തുക തിരിച്ചുതരാമെന്നു വിശ്വസിപ്പിച്ചു രശീതികളെല്ലാം കൈക്കലാക്കി 46 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു മറ്റൊരു കേസ്. പാന്പൂർ സ്വദേശി കാച്ചപ്പിള്ളി വീട്ടിൽ ജോസഫിന്റെ പത്നി ബെറ്റി (70) യാണു പരാതിക്കാരി.
ഈ കേസിൽ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവനുസരിച്ചു കഴിഞ്ഞ ജൂണ് മാസത്തിൽ പോലീസ് കേസെടുത്തു. എന്നാൽ ജില്ലാ കോടതി നേരത്തെ പ്രതിക്കു മുൻകൂർ ജാമ്യം നൽകി. മുൻകൂർ ജാമ്യം റദ്ദാക്കാൻ പരാതിക്കാർ നൽകിയ ഹർജി ഹൈക്കോടതിയുടേയും വെസ്റ്റ് പോലീസ് നൽകിയ ഹർജി ജില്ലാ കോടതിയുടേയും പരിഗണനയിലാണ്.
റിസർവ് ബാങ്കിന്റെ അനുമതിയുണ്ടെന്നു തെറ്റിധരിപ്പിച്ചും കൂടുതൽ പലിശ വാഗ്ദാനം ചെയ്തുമാണു നിക്ഷേപം സ്വീകരിച്ചത്. സ്ഥാപനത്തിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്.
ഭർത്താവിനു ജോലി നൽകാമെന്നു വാഗ്ദാനം ചെയ്തു പത്തു ലക്ഷം രൂപ തട്ടിയെന്നാരോപിച്ചു കന്പനിയുടെ ഡയറക്ടർ ബോർഡംഗമായ അയ്യന്തോൾ സ്വദേശി സി.കെ. ദിനേഷിന്റെ ഭാര്യ ഷീജ മാന്പറ്റ പരാതി നൽകിയിട്ടുണ്ട്. ഈ കേസിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.