തലയോലപ്പറന്പ്: ഗൃഹോപകരണങ്ങൾ വീട്ടിലെത്തിച്ചു തരാമെന്ന് പറഞ്ഞു വീട്ടമ്മമാരെ കബളിപ്പിച്ചു പണം തട്ടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
വൈക്കം കച്ചേരിക്കവലയ്ക്കു സമീപത്തെ മിടുക്കി ഹോം അപ്ലയൻസിന്റെ പ്രതിനിധിയാണെന്ന് പറഞ്ഞു വീട്ടമ്മമാരെ തെറ്റിദ്ധരിപ്പിച്ച് 40 വയസു പ്രായം തോന്നിക്കുന്നയാളാണ് തട്ടിപ്പു നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു വെള്ളൂർ ഇറുന്പയത്തെ വീടുകളിൽ കയറിയിറങ്ങി ഇയാൾ വീട്ടമ്മമാരെയാണ് കബളിപ്പിച്ചത്. വീട്ടമ്മമാരുടെ വിശ്വാസം നേടാൻ കാറിലെത്തിയാണ് ഇയാൾ വീടുകളിൽ കയറിയത്.
കുറച്ചു പണം മുൻകൂറായി നൽകുന്നവർക്കു അടുത്ത ദിവസം ആവശ്യപ്പെട്ട ഗൃഹോപകരണം വീട്ടിലെത്തിച്ചുതരുമെന്ന് പറഞ്ഞാണിയാൾ പണം വാങ്ങിയിരുന്നത്.
ഇറുന്പയത്തെ ഒരു വീട്ടമ്മയ്ക്കു യുവാവിന്റെ പറച്ചിലിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ കള്ളിവെളിച്ചത്താകുമെന്ന് മനസിലാക്കി യുവാവ് തന്ത്രപൂർവം കടന്നു കളഞ്ഞു.
ഇറുന്പയത്തിനു പുറമേ തലയോലപറന്പ്, പൊതി തുടങ്ങിയ സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പു നടത്തി പണം കൈക്കലാക്കിയതായി പരാതി ഉയർന്നിട്ടുണ്ട്.
തട്ടിപ്പിനിരയായവർ അറിയിച്ചതിനെ തുടർന്ന് മിടുക്കി ഹോം അപ്ലയൻസസ് ഉടമ വൈക്കം പോലീസിൽ പരാതി നൽകി. ഹോം അപ്ലയൻസസ് സ്ഥാപനം മറ്റാരെയും വീടുകളിലെത്തി ഓർഡറെടുക്കാൻ നിയോഗിച്ചിട്ടില്ലെന്ന് സ്ഥാപന ഉടമ പറഞ്ഞു.
പോലീസിന്റെ അന്വേഷണത്തിൽ ഈ കാറിന്റെ ഉടമ മലപ്പുറം സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറത്തുള്ളയാൾ വിറ്റ കാറാണോ ഇതെന്നും മലപ്പുറത്തു നിന്നു വാടകയ്ക്കെടുത്തതാണോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
തട്ടിപ്പിനു പിന്നിൽ വൈക്കത്തോ സമീപ പ്രദേശങ്ങളിലോ ഉള്ള ആളാകാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് പോലീസ്.