തൃശൂർ: ഡോക്ടർ ചമഞ്ഞ് ഫേസ് ബുക്കിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയ കേസിൽ മണിപ്പൂർ സ്വദേശികളായ ദന്പതികളെ സിറ്റി സൈബർ പോലീസ് ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. സെർറ്റോ റുഗ്നേയ്ഹുയ് കോം, ഭർത്താവ് സെർറ്റോ റിംഗ്നൈതാംഗ് കോം എന്നിവരാണ് അറസ്റ്റിലായത്.
വിദേശത്തുള്ള ഡോക്ടർ ആണെന്നു പറഞ്ഞ് ഫേസ് ബുക്കിലൂടെ പരിചയം സ്ഥാപിച്ച ശേഷം വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പാക്കേജ് അയച്ച ശേഷം പാഴ്സൽ കന്പനിയിൽ നിന്നെന്ന വ്യാജേന ഇവർ തന്നെ ഫോണ് ചെയ്യും. തുടർന്ന് പാഴ്സലിനകത്ത് സ്വർണവും വിദേശപണവും ആണെന്നു വിശ്വസിപ്പിച്ച് പ്രൊസസിംഗ് ഫീസ്, ഇൻഷ്വറൻസ്, നികുതി എന്നിവയ്ക്കുള്ള പണം അക്കൗണ്ടിലേക്ക് അയപ്പിക്കുന്നതാണ് ഇവരുടെ രീതി.
പണം കൈപറ്റിയ ശേഷം വിദേശത്തുനിന്നും പാഴ്സൽ വഴി ഇന്ത്യയിലേക്കു പണം അയക്കുന്നതു നിയമവിരുദ്ധമാണെന്നും സംഭവം റിസർവ് ബാങ്കിനെയും പോലീസിനെയും അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും.
ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. റുഗ്നേയ്ഹുയ് ആണ് തട്ടിപ്പിനിരയായവരെ ഫോണിൽ വിളിച്ചിരുന്നത്. ഭർത്താവാണു തട്ടിപ്പിനാവശ്യമായ ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ എന്നിവ സംഘടിപ്പിച്ചിരുന്നത്.
രണ്ടു മാസം കൂടുന്പോൾ താമസസ്ഥലം മാറുന്നതാണ് ഇവരുടെ രീതി. തൃശൂർ സ്വദേശിനിയായ യുവതിയെ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് 70,000 പൗണ്ടും സ്വർണവും അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് 35 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരുവരും പിടിയിലായത്.
പ്രതികളിൽ നിന്ന് നിരവധി മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ചെക്ക് ബുക്ക് തുടങ്ങിയവ കണ്ടെടുത്തു. സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ എ.എ. അഷറഫിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.