കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ മണർകാട് പോലീസ് അറസ്റ്റ് ചെയ്തയാൾക്കെതിരേ കൂടുതൽ പരാതികൾ.മണർകാട് ബദേൽ ഭവനിൽ ടിനു യോഹന്നാനെ(53)യാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ കേസുകളുണ്ട്.
ജോലി അന്വേഷിച്ചു നടന്നിരുന്ന യുവാക്കളെ ആയിരുന്നു ഇയാൾ വലയിൽ വീഴ്ത്തിയിരുന്നത്. മുന്പ് താൻ ജോലി വാങ്ങി നല്കിയതാണെന്ന രീതിയിൽ വിദേശത്ത് ജോലി ചെയ്യുന്ന നിരവധി പേരുടെ ചിത്രങ്ങൾ ഫേസ് ബുക്കിലൂടെ ഇയാൾ പലരെയും കാണിച്ചിരുന്നു.
സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലെ സെയിൽസ് വിഭാഗത്തിലാണ് ഇയാൾ ജോലി വാഗ്ദാനം ചെയ്തിരുന്നത്. 40,000 മുതൽ 50,000 രൂപ വരെയായിരുന്നു ശന്പളമായി വാഗ്ദാനം ചെയ്തിരുന്നത്. വീസ ലഭിക്കുന്നതിനായി പ്രോസസിംഗ് ചാർജായി ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപവരെയായിരുന്നു ഇയാൾ പലരിൽ നിന്നും വാങ്ങിയെടുത്തിരുന്നത്.
മുന്പ് പണം തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിക്കെതിരെ പരാതി വ്യാപകമായതോടെ ജില്ലാ പോലീസ് ചീഫ് ഡി. ശില്പയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു.
തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എൽ. സജിമോന്റെ നേതൃത്വത്തിൽ മണർകാട് എസ്എച്ച്ഒ എ.സി. മനോജ് കുമാർ, സബ് ഇൻസ്പെക്ടർ പി.എസ്. അനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. അനിൽ, സിവിൽ പോലീസ് ഓഫീസർ കുര്യാക്കോസ്, സിവിൽ പോലീസ് ഓഫീസർ ബി. മനോജ് കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.