നാദാപുരം: തലയിലെ ട്യൂമര്‍ ഭേദമാക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍ . തൊട്ടില്‍പാലം നാഗംപാറ സ്വദേശി വിജയനാണ് അറസ്റ്റിലായത്. നാല് മാസം മുമ്പാണ് തൂണേരി സ്വദേശിനിയായ വീട്ടമ്മയ്ക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തലയ്ക്ക് ട്യൂമര്‍ ബാധിച്ചതായി പരിശോധനയില്‍ വ്യക്തമായത്.
ഇതേ തുടര്‍ന്ന് ബാംഗ്ലൂരില്‍ ചികിത്സ തേടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനിടയിലാണ് തൊട്ടില്‍പാലം സ്വദേശിയും ഹോമിയോ ചികിത്സ നടത്തുന്ന വിജയനെ കാണാനെത്തുന്നത്. തുടര്‍ന്ന് ഇയാള്‍ മരുന്നെന്ന വ്യാജേന മാര്‍ക്കറ്റില്‍ ലഭിക്കുന്ന പ്രോട്ടീന്‍ പൗഡറും മറ്റും ഇവര്‍ക്ക് എഴുതി നല്‍കുകയായിരുന്നു.
ഒരു ലക്ഷത്തോളം രൂപയുടെ മരുന്ന് ഇയാള്‍ വീട്ടമ്മയ്ക്ക് വാങ്ങിച്ച് നല്‍കിയിരുന്നു. നാല് മാസത്തോളം വിജയന് ചികില്‍സ നടത്തി. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീണ്ടും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ ഹോമിയോ ചികിത്സ നടത്തുകയാണെന്ന് വീട്ടുകാര്‍ ഡോക്ടറോട് പറയുകയും കഴിക്കുന്ന മരുന്നുകള്‍ കാണിച്ച് കൊടുക്കുകയുമായിരുന്നു.
അപ്പോഴാണ് ഹോമിയോ മരുന്നെന്ന വ്യജേന നല്‍കിയത് മാര്‍ക്കറ്റില്‍ ഓണ്‍ ലൈന്‍ വഴി ലഭിക്കുന്ന പ്രോട്ടീന്‍ പൗഡറും മറ്റുമാണെന്ന് ഡോക്ടര്‍ പറഞ്ഞതായി വീട്ടമ്മയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ വീട്ടുകാര്‍ വിജയനെ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു .ഐ പി സി 406,420 വകുപ്പുകള്‍ പ്രകാരം വിശ്വാസ വഞ്ചനയ്ക്കും,ചതിക്കുമാണ് ഇയാള്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തത്.