വൈക്കം: ഹോട്ടലിൽ നിന്ന് പാഴ്സൽ ഓർഡർ ചെയ്ത് ഹോട്ടലുടമയെ കബളിപ്പിച്ച് പണം വാങ്ങി കടന്നു കളഞ്ഞ മധ്യവയസ്കൻ എത്തിയ ബുള്ളറ്റിനെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചു.
പത്തനംതിട്ട സ്വദേശിയിൽ നിന്ന് ഇയാൾ ബുളളറ്റ് വാങ്ങിയെങ്കിലും ഉടമസ്ഥാവകാശം ഇപ്പോഴും മാറ്റിയിട്ടില്ല.ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം ഉൗർജിതമാക്കി.
വൈക്കം പെരിഞ്ചിലയിലെ ഗ്രീൻ ചില്ലി എന്ന ഹോട്ടലിന്റെ ഉടമ ജിനീഷിൽ നിന്നാണ് ബുള്ളറ്റിലെത്തിയ ആൾ 1500 രൂപ വാങ്ങി കടന്നു കളഞ്ഞത്.
ബുള്ളറ്റിലെത്തിയ ആൾ പാഴ്സൽ കൊണ്ടുപോകാനായി വിളിച്ചു കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും 1500 രൂപവാങ്ങി കബളിപ്പിച്ചു.
ഏതാനും ദിവസങ്ങൾ തുടർച്ചയായി ഹോട്ടലിൽ ബുള്ളറ്റിൽ എത്തി ഹോട്ടൽ ഉടമയും ജീവനക്കാരുമായി ഇയാൾ അടുപ്പമുണ്ടാക്കി. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 30 ബിരിയാണി, 20 ചോറ്, 20 ബീഫ് ഫ്രൈ എന്നിവ പാഴ്സലായി ആവശ്യപ്പെട്ടു.
പാഴ്സൽ വേഗം തരാൻ ഇയാൾ ആവശ്യപ്പെട്ടു. ഭക്ഷണം കൊണ്ടുപോകാൻ ഓട്ടോറിക്ഷയും പുറത്തുണ്ടായിരുന്നു. ഭക്ഷണത്തിന്റെ ബില്ല് എത്രയാണെന്ന് അന്വേഷിച്ച ഇയാൾ 1500 രൂപ ഹോട്ടൽ ഉടമയോടു നൽകാൻ ആവശ്യപ്പെടുകയും ആ തുക കൂടി ചേർത്ത് ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞു.
ഇത് വിശ്വസിച്ച കട ഉടമ പണം നൽകി. ഒരു സാധനം വാങ്ങി ഉടനെത്താമെന്ന് പറഞ്ഞ് പോയ ഇയാൾ പിന്നീട് മടങ്ങിവന്നില്ല.
കുറച്ചു കഴിഞ്ഞപ്പോൾ ഭക്ഷണം ഓർഡർ ചെയ്ത ആളെ അന്വേഷിച്ചു ഓട്ടോക്കാരനും ഹോട്ടലിലെത്തി. ഓട്ടോക്കാരന്റെ കൈയ്യിൽ നിന്നും 1500 രൂപ നഷ്ടപ്പെട്ടതായി അറിഞ്ഞപ്പോഴാണ് താനും കബളിക്കപ്പെട്ട കാര്യം ഹോട്ടലുകാരനും തിരിച്ചറിഞ്ഞത്. ഹോട്ടലുടമ ജിനീഷും ഒട്ടോ ഡ്രൈവർ അനിൽ കുമാറും വൈക്കം പോലീസിൽ പരാതി നൽകുകയായരുന്നു.