ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ വനിത ഗ്രാമപഞ്ചായത്തംഗത്തിന്റെയും ഭർത്താവിന്റെയും മാത്രം പേരിൽ മസ്റ്റർ റോൾ ഉണ്ടാക്കി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി.
ജൈവവേലി കെട്ടുന്നതിന് 14 ദിവസം വീതം രണ്ടു തവണ ജോലി ചെയ്തതായി കാണിക്കുന്ന കൃത്രിമ രേഖകളിലൂടെ വേജ് ബിൽ തയാറാക്കിയതായി കാണിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൻആർഇജിഎസ് തൊഴിലാളി യൂണിയൻ-സിഐടിയു ആറാട്ടുപുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷീലാ സുധീർ, സെക്രട്ടറി ജെ. സുജിത്ത് എന്നിവർ തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റർക്ക് പരാതി നൽകി.
ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് വിഭാഗത്തിൽ താത്കാലികമായി ജോലി ചെയ്യുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്ററാണ് ഗ്രാമപഞ്ചായത്തംഗത്തിന്റെയും ഭർത്താവിന്റെയും പേരിൽ മസ്റ്റർ റോൾ തയാറാക്കി തട്ടിപ്പിനു സഹായിച്ചതെന്നും ഇവർ കുമാരപുരം ഗ്രാമപഞ്ചായത്തിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്പോൾ ക്രമക്കേടു കാണിച്ചതിനെ തുടർന്ന് പുറത്താക്കിയതാണെന്നും പരാതിയിൽ പറയുന്നു.