വെള്ളറട: വെള്ളറട പോലീസ് സ്റ്റേഷൻ പരിധിയില്‍ നിര്‍ധനരായ വീട്ടമ്മമാരേ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാകുന്നതായി പരാതി. വ്യാജവിലാസവുമായി എത്തിയ രണ്ടു യുവാക്കള്‍ വെള്ളറട മേഖലയില്‍ 50,000 ല്‍ പരം രൂപ ഒരു ദിവസം കൊണ്ട് പിരിച്ചെടുത്ത് കടന്നതായി നാട്ടുകാർ പറയുന്നു.
മക്കള്‍ക്ക് സ്കൂൾ ഫീസ് അടക്കാന്‍ വച്ചിരുന്ന രൂപ ഉൾപ്പെടെയാണ് സംഘം തട്ടിയെടുത്തത്. മാര്‍ക്കറ്റില്‍ വിലകുറഞ്ഞ മിക്സിക്ക് 6,000 രൂപ വീതം പിരിക്കുകയായിരുന്നു. ഈ തുക നല്‍കുന്നവര്‍ക്ക് 50,000 രൂപയുടെ ലോണ്‍ നല്‍കും.
കൂടാതെ 32 ഇഞ്ച് ടിവി, എല്‍ഇഡി ബൾബുകള്‍, സ്റ്റീല്‍ അലമാരയും നറുക്കെടുപ്പിലൂടെ ലഭിക്കുമെന്നാണ് വാഗ്ദാനം. ആധാർ കാർഡിന്റെ പകർപ്പ്, റേഷന്‍കാര്‍ഡിന്റെ പകർപ്പ്, ഒരുഫോട്ടോ എന്നിവയും യുവാക്കൾ വാങ്ങി.
വെള്ളറട മൂട്ടക്കോട് കോളനിയില്‍ എത്തിയ സംഘം വിന്സീഭവനില് വിലാസിനി(48), ഫാത്തുമ്മ(50) തുടങ്ങിയവരില്‍നിന്നും 6000 രൂപ വീതം വാങ്ങി പ്രവര്‍ത്തന രഹിതമായ മിക്സികള്‍ നല്കി സ്ഥലം വിട്ടു. മൂന്ന് ദിവസത്തിനുള്ളില്‍ ലോണ്‍ ശരിയാക്കിവരുവെന്നും അന്നേദിവസം നറുക്കെടുപ്പ് ഉണ്ടാകുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ കാണാത്തതില്‍ യുവാക്കൾ നൽകിയ ഫോണ്‍ നന്പറുകളിൽ ബന്ധപ്പെട്ടപ്പോള്‍ നാഗര്‍കോവില്‍, തിരുവനന്തപുരം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങിലാണെന്നും ഉടൻ എത്തുമെന്നുമായിരുന്നു മറുപടി.
മിക്സിക്ക് വ്യാജവാറണ്ടി കാര്‍ഡും നല്‍കിയിട്ടുണ്ട്. വീട്ടില്‍ പൂരുഷന്മാര് ഇല്ലാത്തനേരങ്ങളിലാണ് തട്ടിപ്പ് സംഘത്തിന്റെ വരവ്. പോലീസ് തട്ടിപ്പു സംഘത്തെ പിടികൂടാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.