ഗുരുവായൂർ: ഐപിഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തി മുന്പ് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കോഴിക്കോട് ഫറോഖ് പെരുമുഖം നികേതം വീട്ടിൽ വിബിൻ കാർത്തിക് (29), അമ്മ ശ്യാമള എന്നിവരെ തട്ടിപ്പുകേസിൽ വീണ്ടും ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 24 ലക്ഷം തട്ടിയ കേസിലാണ് ഗുരുവായൂർ എസിപി കെ.ജി.സുരേഷ്, സിഐ സി. പ്രോമാനന്ദ കൃഷ്ണൻ, എസ്.ഐ.കെ.വി.സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ രാത്രി വാഹനപരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്.
ക്രെറ്റ കാർ വാങ്ങാനായി 14 ലക്ഷം ലോണെടുത്ത ശേഷം ഐ20 കാർ വാങ്ങുകയും ആർസി ബുക്ക് തിരുത്തി ക്രെറ്റയാണെന്ന് വരുത്തി ബാങ്കിനെ കബളിപ്പിച്ചു. പിന്നീട് മറ്റൊരു വാഹനത്തിന് ലോണിനായി 10 ലക്ഷവും എടുത്തു. രണ്ട് വാഹനങ്ങളുടേയും തിരച്ചടവ് ഇല്ലാതായതോടെയാണ് ബാങ്ക് തട്ടിപ്പ് അറിഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരി 26 ന് ബാങ്ക് പോലീസിൽ പരാതി നൽകി.ഗുരുവായൂരിലെ തട്ടിപ്പിന് ശേഷം ജാമ്യത്തിലിറങ്ങിയ വിബിൻ, കാർത്തിക് വേണു ഗോപാൽ എന്ന പേരിൽ കോഴിക്കോട് വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു.
ഐ പി എസ് പരീക്ഷ പാസായെന്നും ഇന്റർവ്യു മാത്രമാണ് ബാക്കിയുള്ളതെന്നുമാണ് നാട്ടുകാരെ പറഞ്ഞ് ധരിപ്പിച്ചിട്ടുള്ളത്. ഗുജറാത്ത് ഐപിഎസ് ഓഫീസറുമായി വിവാഹിതനാവാൻ പോവുകയാണെന്നും ഇയാൾ നാട്ടുകാരെ പറഞ്ഞു ധരിപ്പിച്ചിരുന്നു.
വാശ്വാസ്യത വരുത്തുന്നതിന് ഗുജറാത്ത് ഐപിഎസ് ഓഫീസറുടെ ഫോട്ടോ ഇയാളുടെ ഫെയ്സ് ബുക്കിൽ ചേർത്തിട്ടുണ്ട്. വിബിന്റെ കുറി ജാമ്യത്തിന് ഐ പി എസ് പേര് പറഞ്ഞ് ഗസറ്റഡ് ഓഫീസറെക്കൊണ്ട് ഒപ്പിടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
2019 ഒക്ടോബർ 27നാണ് ആദ്യം ഗുരുവായൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും