എരുമേലി: വീട്ടുജോലിക്കെന്ന് പറഞ്ഞ് സ്ത്രീകളെ വിദേശത്ത് ജോലിക്കയച്ചത് പെൺവാണിഭത്തിനായിരുന്നെന്ന് സംശയം. സംഭവത്തിൽ ഏജന്റ് അറസ്റ്റിൽ. വിദേശത്ത് കുടുങ്ങിയ സ്ത്രീകൾ ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ നാട്ടിലെത്തി. എരുമേലിയിലാണ് സംഭവം.
ശ്രീനിപുരം കോളനി തേക്കാട്ടിൽ വീട്ടിൽ സലീം (48) ആണ് അറസ്റ്റിലായത്. എരുമേലി ഒഴക്കനാട് പനച്ചിയിൽ ഫൈസലിന്റെ ഭാര്യ ഷീജ, സഹോദരി ഷീബ എന്നിവരെയാണ് ദുബായിൽ വീട്ടുജോലിക്ക് 30000 രൂപ വാങ്ങി സലിം അയച്ചതെന്ന് പോലീസ് പറഞ്ഞു. ദുബായിൽ എത്തിയപ്പോൾ വീട്ടുജോലിയല്ല ലഭിച്ചത്.
ചതിയിൽ പെട്ടെന്നറിഞ്ഞതോടെ മലയാളികളായ ചിലർ മുഖേന സോഷ്യൽ മീഡിയയിൽ വിവരമറിയിച്ചു. ഇതോടെ മലയാളി സംഘടനകൾ വഴി സംഭവം അറിഞ്ഞ് ഇന്ത്യൻ എംബസി ഇടപെട്ട് സ്ത്രീകളെ മോചിപ്പിക്കുകയായിരുന്നു. എംബസി ഇടപെട്ടില്ലായിരുന്നെങ്കിൽ സെക്സ് റാക്കറ്റിന്റെ കെണിയിൽ പെട്ടുപോകുമായിരുന്നെന്ന് സ്ത്രീകൾ പറഞ്ഞു.
എംബസി ഇടപെട്ട് വിമാനമാർഗം ഇവരെ കരിപ്പൂരിലെത്തിക്കുകയും മലപ്പുറം എസ് പി യുടെ നിർദേശപ്രകാരം രണ്ട് വനിതാ പോലീസുകാരുടെ സംരക്ഷണത്തിൽ കോട്ടയത്ത് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ എരുമേലി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഇവരെ ബന്ധുക്കൾക്ക് കൈമാറി.
ഇതിന്റെ തൊട്ടുപിന്നാലെയാണ് ഏജന്റ് സലീമിനെ എരുമേലി സിഐ എം. ദിലീപ് ഖാന്റെ നേതൃത്വത്തിൽ വീട് റെയ്ഡ് ചെയ്ത് പിടികൂടിയത്. സ്ത്രീകളോട് സലീം വാങ്ങിയ തുകയിൽ 9000 രൂപ പോലീസ് കണ്ടെടുത്തു.
വീട്ടുജോലിക്കെന്ന പേരിൽ അയൽവാസികൾ ഉൾപ്പെടെയുള്ള സ്ത്രീകളെയും സലിം വിദേശത്തേക്ക് വിട്ടിട്ടുണ്ട്. വീസയും വിമാന ടിക്കറ്റും ഉൾപ്പെടെ പൂർണമായും സൗജന്യമായാണ് വിദേശത്തേക്ക് വീട്ടുജോലിക്ക് സ്ത്രീകളെ ആവശ്യപ്പെട്ട് റിക്രൂട്ടിംഗ് ഏജൻസികൾ അറിയിക്കുന്നതെങ്കിലും ഇക്കാര്യം മറച്ചുവെച്ച് പണം വാങ്ങിയാണ് പല ഏജന്റുമാരും സ്ത്രീകളെ അയയ്ക്കുന്നതെന്ന് പോലീസ് പറയുന്നു.
പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ഒരു ഏജന്റ് മുഖേനെയാണ് സ്ത്രീകളെ വിദേശത്തേക്ക് വിട്ടതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.