പെരുന്പാവൂർ: എടിഎം കാർഡ് മോഷ്ടിച്ചു പണം തട്ടിയെടുത്ത സ്ത്രീ, നവമാധ്യമങ്ങളിലൂടെ പ്രചരിച്ച സിസിടിവി ദൃശ്യങ്ങൾ കാരണം പോലീസ് പിടിയിലായി. തമിഴ്നാട് മധുര ജില്ലയിൽ വാടിപ്പെട്ടി പാണ്ടിനഗർ സ്വദേശിനി നന്ദിനി (48) ആണു പെരുന്പാവൂർ പോലീസിന്റെ പിടിയിലായത്. പെരുന്പാവൂർ ടൗണിലേക്കു പട്ടാലിൽനിന്നുള്ള ബസ് യാത്രയ്ക്കിടെ പെരുന്പാവൂർ ഇരിങ്ങോൾ ഇലവുംകുടി ചന്ദ്രന്റെ ഭാര്യ മഞ്ജുഷയുടെ രണ്ട് എടിഎം കാർഡുകളാണു ബാഗിൽനിന്നു പ്രതി മോഷ്ടിച്ചത്.
കാർഡിനു പിറകിൽ എഴുതിയിരുന്ന പിൻ നന്പർ ഉപയോഗിച്ച് എടിഎം കൗണ്ടറിൽനിന്നു പ്രതി പണം തട്ടിയെടുക്കുകയായിരുന്നു. കാലടിയിലെ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയവയുടെ എടിഎമ്മുകളിൽനിന്നായി 50,000 രൂപയാണു പിൻവലിച്ചത്. കാലടിയിലെ എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതാണു പ്രതിയെ പിടികൂടാൻ സഹായിച്ചത്.
ഇന്നലെ ഉച്ചയോടെ പെരുന്പാവൂർ ടൗണ് ജുമാ മസ്ജിദിനു സമീപത്തെ കണ്ണടക്കടയിൽ കണ്ണട വാങ്ങാൻ എത്തിയ സ്ത്രീയെ കണ്ടു സംശയം തോന്നിയ പെരുന്പാവൂരിലെ സായാഹ്ന കൈരളി ലേഖകൻ ജബ്ബാർ വാത്തേലി പെരുന്പാവൂർ എസ്ഐയെ ഫോണിൽ വിളിച്ചു കാര്യം ധരിപ്പിച്ചു. കടയിൽനിന്ന് ഇറങ്ങി സ്വകാര്യബസിൽ കയറി കുറുപ്പംപടി ബസ് സ്റ്റാൻഡിൽ എത്തിയ പ്രതിയെ അവിടെവച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ 29നായിരുന്നു എടിഎം കാർഡുകൾ മോഷ്ടിക്കപ്പെട്ടത്. മഞ്ജുഷയുടെ വിദേശത്തുള്ള ഭർത്താവിന്റെ പേരിലുള്ള അക്കൗണ്ടിന്റേതായിരുന്നു എടിഎം കാർഡ്. കാർഡ് നഷ്ടമായ വിവരമറിഞ്ഞ് ഒരു മണിക്കൂറിനകം ബാങ്കിലെത്തി അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതിനകം പണം പിൻവലിച്ചിരുന്നു. പിടിയിലായ സ്ത്രീ മറ്റ് മോഷണ കേസുകളിൽ പ്രതിയാണോയെന്നു പോലീസ് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.