പെരിന്തൽമണ്ണ: അറബിയിൽ നിന്നു സാന്പത്തിക സഹായം വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് 16 പവൻ ആഭരണങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. അരീക്കോട് ഉൗർങ്ങാട്ടിരി വടക്കുംമുറി സ്വദേശി നടുവത്ത്ചാലിൽ അസൈനാർ എന്ന അറബി അസൈനാറി (61) നെയാണ് പെരിന്തൽമണ്ണ ഇൻസ്പെക്ടർ ഐ.ഗിരീഷ്കുമാർ, എസ്ഐ മഞ്ജിത് ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാളെ ഇന്നു കോടതിയി്ൽ ഹാജരാക്കും. അറബ് സ്വദേശിയിൽ നിന്നു സാന്പത്തിക സഹായം വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് നാൽപ്പത്തിയെട്ടുകാരിയുടെയും കാഴ്ച വൈകല്യമുള്ള മകളുടെയും ആഭരണങ്ങൾ തട്ടിയെടുത്തതായി കീഴാറ്റൂർ സ്വദേശിനിയാണ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീമിന്റെ നിർദേശ പ്രകാരം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്.
17-ന് വൈകിട്ട് പെരിന്തൽമണ്ണ ഉൗട്ടി റോഡിൽ സ്ത്രീയും മകളും ബസ് കാത്തുനിൽക്കുന്പോൾ അടുത്തെത്തിയ അസൈനാർ മകളുടെ അവസ്ഥയും മറ്റും ഓർമിപ്പിച്ച് ഗൾഫിൽ നിന്നു ചികിൽസക്കായി ഒരു അറബി പെരിന്തൽമണ്ണയിലെത്തിയിട്ടുണ്ടെന്നും അയാൾക്കു സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ താൽപര്യമുണ്ടെന്നും അറബിയിൽ നിന്നു സാന്പത്തിക സഹായം വാങ്ങിത്തരാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ആശുപത്രിക്കടുത്തുള്ള ലോഡ്ജിലാണ് അറബി താമസിക്കുന്നതെന്നും അവിടെയെത്താനും പറഞ്ഞു.
ലോഡ്ജിൽ മുറിയെടുക്കാനും പറഞ്ഞു. മുറിയിലെത്തിയപ്പോൾ അണിഞ്ഞിട്ടുള്ള സ്വർണാഭരണങ്ങൾ കണ്ടാൽ പണക്കാരാണെന്നു തോന്നി അറബി സഹായം ചെയ്യില്ലെന്ന് പറഞ്ഞു അവ ഉൗരി വാങ്ങി അസൈനാർ തന്റെ കയ്യിൽ വച്ചു. മകളുടെ ആഭരണങ്ങളും വാങ്ങി. അറബിയെ കാണിക്കാനാണെന്നു പറഞ്ഞു ഫോട്ടോകളെടുത്തു. കുറച്ച് സമയം കഴിഞ്ഞ് ഫോണിൽ വിളിക്കുന്നതായി ഭാവിച്ച് അറബി ഇവിടേക്കു വരില്ലെന്നും അങ്ങോട്ട് ചെല്ലാൻ പറഞ്ഞതായും പറഞ്ഞു പുറത്തിറങ്ങി.
ഓട്ടോയിൽ മൂന്നുപേരും കൂടി പട്ടിക്കാട് ഭാഗത്തേക്ക് പോയി. വഴിയിൽ വച്ച് അസൈനാർ ഇറങ്ങി രക്ഷപ്പെട്ടു. കുറേ നേരം കാത്തിരുന്നെങ്കിലും ആഭരണങ്ങളുമായി പോയ ഇയാൾ മടങ്ങിയെത്തിയില്ലെന്നാണ് പരാതി. പരാതി ലഭിച്ചയുടൻ പ്രത്യേക അന്വേഷണ സംഘം ടൗണിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും ആഭരണങ്ങൾ മഞ്ചേരി, മേലാറ്റൂർ ഭാഗങ്ങളിലെ ജ്വല്ലറികളിൽ വിൽപന നടത്തിയതായും വ്യക്തമായി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒട്ടുമിക്ക ജില്ലകളിലും വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയ അന്പതിലധികം കേസുകളും പരാതികളും നിലവിലുണ്ട്.
ആ കേസുകളിലെല്ലാം ജയിൽ ശിക്ഷ കഴിഞ്ഞ് ഒരു വർഷം മുന്പാണ് പുറത്തിറങ്ങിയത്. ചോദ്യം ചെയ്തതിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി പ്രതി സമ്മതിച്ചു. അതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്നും സിഐ ഐ.ഗിരീഷ്കുമാർ, എസ്ഐ മഞ്ജിത് ലാൽ എന്നിവർ അറയിച്ചു.