കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ ട്രൈബൽ ഫണ്ട് ഉപയോഗിച്ചുള്ള ഭവന നിർമാണത്തിൽ വൻ അഴിമതി നടന്നതായി ആരോപണം.തറ കെട്ടാൻ ഗുണനിലവാരമില്ലാത്ത മട്ടി കല്ലുകളാണ് ഉപയോഗിക്കുന്നത്. പഴയ വീടിന്റെ കല്ലുകളും ഉപയോഗിക്കുന്ന കരാറുകാർ ഫണ്ട് തട്ടിയെടുക്കാൻ ആദിവാസികളെ ചൂഷണം ചെയ്യുകയാണ്. ഒന്നര അടി ആഴത്തിൽ തറ കെട്ടണമെന്നാണ് നിയമം. എന്നാൽ അര അടി പോലും താഴ്ത്താതെയാണ് തറ കെട്ടിയിരിക്കുന്നത്.
പുതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ പാത്രമൂല കോളനിയിൽ ട്രൈബൽ ഫണ്ട് ഉപയോഗിച്ച് മൂന്ന് വീടുകളാണ് കരാറുകാരൻ എറ്റെടുത്തിരിക്കുന്നത്. കോളനിയിലെ പ്രായാധിക്യം മൂലം കഷ്ട്ടത അനുഭവിക്കുന്ന കറപ്പിയുടെ വീട് നിർമ്മാണത്തിന് തറ കെട്ടാൻ ഇറക്കിയ കല്ല് കണ്ടാൽ ആർക്കും മനസിലാവും ഈ മേഖലയിൽ നടക്കുന്ന ചൂഷണത്തിന്റെ നേർക്കാഴ്ച്ച. ഒരു വീടിന് മൂന്നരലക്ഷം രൂപയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. എന്നാൽ പകുതി തുക നിർമ്മാണത്തിന് ഉപയോഗിക്കാതെ തട്ടിയെടുക്ക ു കയാണ്.
പൂതാടി പഞ്ചായത്തിൽ ഇത്തരത്തിൽ നൂറുകണക്കിന് വീടുകളാണ് കരാറുകാർ ബിനാമി പേരിൽ എറ്റെടുത്തിരിക്കുന്നത്. ക്രമക്കേടുകൾ കണ്ടെത്തി നടപടി എടുക്കുന്ന ഉദ്യോഗസ്ഥരെ കരാറുകാർ ഭീഷണിപ്പെടുത്തുന്നത് പതിവാണ്. പൂതാടി പഞ്ചായത്തിൽ ട്രൈബൽ സൊസൈറ്റിയുടെ പ്രവർത്തനം നിർജീവമായതാണ് ഈ മേഖലയിൽ കരാറുകാരുടെ ആധിപത്യം ഉയരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.ഭവന പദ്ധതിയിൽ നടക്കുന്ന ക്രമക്കേടുകൾ ഒഴിവാക്കുന്നതിന് ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.