ചാലക്കുടി: ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിൽ മെഡിസിൻ ബിരുദാനന്തര ബിരുദത്തിനു സീറ്റ് വാഗ്ദാനം ചെയ്ത് യുവ ഡോക്ടറിൽനിന്നും രണ്ടു കോടിയിൽപരം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയെ അറസ്റ്റുചെയ്തു. ആലപ്പുഴ കണ്ടല്ലൂർ പുതിയവിള സ്വദേശി അഖിലം വീട്ടിൽ അഖിൽദേവ് (29) ആണ് അറസ്റ്റിലായത്.
ഇയാളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയെ നേരത്തെ ചാലക്കുടി പോലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതികൾ ബംഗളൂരു മടിവാളയിലുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ റേഡിയോളജി എംഡിക്കു സീറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്ന് ഉറപ്പുകൊടുത്ത് ചാലക്കുടിയിലെ യുവ ഡോക്ടറിൽ നിന്നും 2016 ഒക്ടോബർ മുതൽ 2017 മാർച്ച് വരെ പല തവണകളായി നേരിട്ടും ബാങ്ക് അക്കൗണ്ട് മുഖേനയും രണ്ടുകോടി അഞ്ചുലക്ഷം രൂപ കൈപ്പറ്റി.
അഡ്മിഷൻ സമയമായപ്പോൾ 20 ലക്ഷം കൂടി ഇനിയും ആവശ്യമുണ്ടെന്നു പറഞ്ഞതോടെ ചതി മനസിലാക്കിയ ഡോക്ടർ എംഡി പ്രവേശനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ ബംഗളൂരുവിൽ സീറ്റ് കിട്ടുവാൻ നിവൃത്തിയില്ലെന്നും പൂനെയിലുള്ള മറ്റൊരു മെഡിക്കൽ കോളജിൽ സീറ്റ് റെഡിയാക്കിയിട്ടുണ്ട് എന്നും പറഞ്ഞു. ബാക്കി തുക ആവശ്യപ്പെടുകയും ചെയ്തതിനെതുടർന്നാണ് ഡോക്ടർ പോലീസിൽ പരാതിപ്പെട്ടത്.
ഒന്നാം പ്രതി മുസൈഫ് ഷാൻ മുഹമ്മദ് എന്നയാൾ പോലീസിന്റെ അന്വേഷണത്തിൽ കാസർഗോഡുനിന്നും പിടിയിലായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ പ്രതി എറണാകുളത്തുണ്ടെന്ന് അറിവു ലഭിക്കുകയും പോലീസ് സംഘം എറണാകുളത്തുവച്ച് അഖിൽദേവിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഇത്തരത്തിൽ സന്പാദിച്ച പണമുപയോഗിച്ച് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി.
ചാലക്കുടി ഡിവൈഎസ് പി സി.എസ്.ഷാഹുൽ ഹമീദിന്റെ നിർദേശാനുസരണം ചാലക്കുടി സിഐ വി.എസ്.ഷാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എറണാകുള ത്തുനിന്നും പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ ചാലക്കുടി എസ് ഐ ജയേഷ് ബാലൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, വി.എസ്. അജിത് കുമാർ, പി.എം. മൂസ, ഷിജോ തോമസ്, ജീവൻ, സിൽജോ എന്നിവരുണ്ടായിരുന്നു.