തിരുവനന്തപുരം: കേരളത്തിലും കർണാടകത്തിലും വ്യാജകരം തീർത്ത രസീതുകൾ, ആധാർ കാർഡുകൾ, സ്കൂൾ – കോളജ് സർട്ടിഫിക്കറ്റുകൾ, വ്യാജ വാഹന ആർസി ബുക്കുകൾ എന്നിവ തയാറാക്കുന്ന അന്തർ സംസ്ഥാന സംഘം തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം വലിയതുറ സ്വദേശിയായ അന്റോണിയോ, പട്ടം മരപ്പാലം സ്വദേശിയായ രാജ്കുമാർ, ഇയാളുടെ സഹോദരനുംമലയിൻകീഴ് സ്വദേശിയുമായ ഷാജ് കുമാർ എന്നിവരാണ് പിടിയിലായത്.
കേരളത്തിലെ മിക്ക കോടതികളിലും ഇവർ തയാറാക്കിയ വ്യാജകരത്തിന്റെ രസീതുകൾ ഉപയോഗിച്ച് നിരവധി കുറ്റവാളികൾ ജയിൽ മോചിതരായിട്ടുണ്ട്. പൊതുജനങ്ങളുടെ പ്രധാന തിരിച്ചറിയൽ രേഖയായ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ തയാറാക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഇവർ നൽകിയ രേഖകൾ ഉപയോഗിച്ച് ബാങ്കുകളിൽ നിന്നു പണം തട്ടിയതിനും വിദേശ രാജ്യങ്ങളിൽ ആളുകളെ കയറ്റി വിട്ടതിനും രാജ്കുമാറിനെതിരെ ഇമിഗ്രേഷൻ ആക്ട് പ്രകാരമുള്ള കേസുകൾ നിലവിലുണ്ട്. കൂടാതെ ഇയാൾക്കെതിരെ കർണാടകത്തിലെ ഷക്കിലിസുപുരം പോലീസ് സ്റ്റേഷനിലും കേസുകൾ ഉണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പിടികിട്ടാപ്പുള്ളിയുമാണ് രാജ്കുമാർ. റെയിൽവേയിൽ വിവിധ തസ്തികകളിൽ ജോലി നൽകാം എന്നു പറഞ്ഞ് 30 ഓളം ആൾക്കാരിൽ നിന്നും 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിനു അന്റോണിയയ്ക്കെതിരെ കണ്ണൂർ, മട്ടന്നൂർ, തൃശൂർ, ആലുവ, കൊട്ടാരക്കര, തന്പാനൂർ എന്നി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.വ്യാജരേഖ ചമയ്ക്കുന്നതിൽ പ്രധാനിയായ ഷാജ്കുമാർ നിർമിച്ച വ്യാജ ആർസി ബുക്കുകൾ ഉപയോഗിച്ച് നിരവധി മോഷണ വാഹനങ്ങൾ കേരളത്തിലെ നിരത്തുകളിൽ ഓടുന്നതായി പോലീസ് അറിയിച്ചു.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ വാഹനമോഷണ കേസിലെ പ്രധാന പ്രതിയുമാണ് ഷാജ്കുമാർ. മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ അബ്കാരി കേസ് ഉൾപ്പെടെ പത്തോളം കേസുകളിലെ പിടികിട്ടാപുള്ളിയാണ് ഇയാൾ. ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള വ്യാജരേഖകൾ നിർമിക്കുന്നതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക ഷാഡോ പോലീസ് മാസങ്ങളായി നടത്തിയ രഹസ്യ അന്വേഷണത്തിന് ഒടുവിലാണ് ഇവർ വലയിലായത്.
ഇവരിൽ നിന്നും നിരവധി വ്യാജകരം തീർത്ത രസീതുകൾ, ആധാർ കാർഡുകൾ, സർട്ടിഫിക്കറ്റുകൾ ഇവ ഉണ്ടാക്കുന്നതിനുള്ള പ്രത്യേക പേപ്പറുകൾ, വിവിധതരം അച്ചടി ഉപകരണങ്ങൾ പ്രത്യേകതരം മഷികൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാറിന്റെ നിർദേശ പ്രകാരം കണ്ട്രോൾ റൂം എസി സുരേഷ്കുമാറിന്റെ മേൽനോട്ടത്തിൽ ഫോർട്ട് എസ്ഐ ഷാജിമോൻ, സിറ്റി ഷാഡോ ടീം അംഗങ്ങൾ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും മേൽനോട്ടം വഹിച്ചത്.