കുറ്റിപ്പുറം: മാന്ത്രിക യന്ത്രങ്ങളുടെ പേരിൽ സംസ്ഥാനത്ത് നിരവധി പേർ തട്ടിപ്പിന് ഇരയാകുന്നതായി വ്യാപകമായി പരാതി. ചാനലുകളിലും പത്രങ്ങളിലുമെല്ലാം പരസ്യം നൽകിയാണ് ഇവർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. മാന്ത്രിക ഏലസുകളും, യന്ത്രങ്ങളും എന്ന പേരിൽ 12500 രൂപ വില മതിക്കുന്ന മാന്ത്രിക ശക്തിയുള്ള ഉപകരണങ്ങൾ പരസ്യത്തിൽ കാണുന്ന നന്പറിലേക്ക് മിസ് കോൾ ചെയ്താൽ വെറും 3500 രൂപക്ക് വീട്ടിലെത്തിച്ച് കൊടുത്താണ് സംഘം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നത്.
നാണക്കേട് കൊണ്ടും അഭിമാന പ്രശ്നങ്ങൾ കൊണ്ടും ഇത്തരത്തിൽ തട്ടിപ്പിൽ അകപ്പെടുന്നവർ പരാതിപ്പെടാനോ മറ്റു നിയമ നടപടികളിലേക്കോ പോവാത്തത് ഇത്തരം തട്ടിപ്പ് സംഘങ്ങൾക്ക് ഏറെ സഹായമാകുന്നുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ നിന്ന് പൂജിച്ച് കൊണ്ട് വരുന്ന യന്ത്രങ്ങൾ വാങ്ങിച്ച് നാൽപത് ദിവസം കച്ചവട സ്ഥാപനങ്ങളിലോ വീടുകളിലോ സൂക്ഷിച്ചാൽ മനസിൽ ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമെന്നും അപ്രതീക്ഷിത ഭാഗ്യം കൈവരുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
മാനസികവും ശാരീരികവും,സാന്പത്തികവുമായ പ്രശ്നങ്ങളിൽ കഴിയുന്ന ആളുകളാണ് ഇത്തരക്കാരുടെ ചതിയിൽ പെടുന്നത്. ഇതിൽ സ്ത്രീകളാണ് എളുപ്പം വലയിൽ വീഴാൻ സാധ്യത എന്നത് കൊണ്ട് തന്നെ സ്ത്രീകളെ ലക്ഷ്യമാക്കിയാണ് ഇത്തരക്കാരുടെ വിപണന തന്ത്രം.പരസ്യത്തിൽ കാണുന്ന നന്പറിൽ മിസ് കോൾ അടിക്കുന്നവരെ തിരിച്ച് വിളിക്കാനും വലയിലാക്കാനും അതി വിദഗ്ധരായ ട്രെയിനേഴ്സും സംഘങ്ങൾക്കിടയിൽ തന്നെയുണ്ട്.
തിരുവനന്തപുരം, എറണാംകുളം, പാലക്കാട്, മലപ്പുറം കേന്ദ്രീകരിച്ച് ഇവർക്ക് പ്രത്യേക സംഘങ്ങൾ ഉണ്ട്.അന്യസംസ്ഥാനങ്ങളിൽ നിന്നാണ് യന്ത്രങ്ങൾ എത്തുന്നതെന്നും ഇവർതന്നെ പറയുന്നു. ഏത് ദിവസം മിസ് കോൾ അടിച്ചാലും നിങ്ങൾ ലക്കി കസ്റ്റമർ ആണെന്നും, 12500 വില മതിക്കുന്ന മാന്ത്രിക ഉപകരണങ്ങൾ 3500 രൂപക്ക് ലഭിക്കുമെന്നും ഇത് നിങ്ങൾക്ക് മാത്രമായുള്ള പ്രത്യേക ഓഫറാണെന്നും പറഞ്ഞാണ് ദിവസേനെ നൂറുകണക്കിന് ആളുകളിൽ നിന്നായി സംഘം കോടികൾ തട്ടുന്നത്.
അയക്കുന്ന മാന്ത്രിക ഉപകരണങ്ങൾ സ്വർണം പൂശിയതാണെന്നും സംഘം പറയുന്നുണ്ട്. വിപണിയിൽ ഏറ്റവും എളുപ്പം ലാഭമുണ്ടാക്കാൻ കഴിയുന്നതും,എളുപ്പം ചിലവാകുന്നതുമായ ബിസിനസ് എന്നത് കൊണ്ട് തന്നെ സംഘത്തിന് വളരെ നല്ല കച്ചവടമാണ് സീസണിൽ നടക്കുന്നത്.