കൊച്ചി: സിനിമാക്കാരുടെ ആസ്ഥാന തട്ടുകടക്കാരൻ, അതാണ് എറണാകുളം കലൂർ ജഡ്ജസ് അവന്യൂ അംബേദ്കർ റോഡിൽ താമസിക്കുന്ന പെരുന്നാട്ട് കെ.എൻ. രാധാകൃഷ്ണൻ. ഒന്നും രണ്ടുമല്ല മുപ്പതോളം സിനിമകളിലാണ് രാധാകൃഷ്ണനും അദ്ദേഹത്തിന്റെ തട്ടുകടയും കഥാപാത്രമായത്. ഇന്ന് സിനിമാക്കാർക്ക് തട്ടുകട സീൻ വന്നാൽ ഉടൻ മനസിലേക്ക് ഓടി വരുന്നത് രാധാകൃഷ്ണനും തട്ടുകടയുമാണ്. എന്നാൽ സിനിമയ്ക്കുവേണ്ടി മാത്രമല്ല രാധാകൃഷ്ണൻ തട്ടുകടക്കാരൻ ആകുന്നത്. യഥാർഥ ജീവിതത്തിലും രാധാകൃഷ്ണൻ തട്ടുകടക്കാരനാണ്. എറണാകുളം ലിസി ആശുപത്രിക്കു സമീപം 26 വർഷത്തോളമായി തട്ടുകട നടത്തിയാണ് രാധാകൃഷ്ണൻ ജീവിക്കുന്നത്.
തുറുപ്പുഗുലാൻ
2006 ലാണ് രാധാകൃഷ്ണൻ ആദ്യമായി സിനിമയിൽ തട്ടുകടക്കാരനാകുന്നത്. തട്ടുകടക്കാരുടെ കഥ പറഞ്ഞ തുറുപ്പുഗുലാൻ എന്ന സിനിമയിലാണ് ആദ്യമായി കാമറയ്ക്കുമുന്നിലും രാധാകൃഷ്ണൻ തട്ടുകടക്കാരനാകുന്നത്. സിനിമയിൽ തട്ടുകട റോൾ ചെയ്യാൻ ആളെ വേണമെന്ന അന്വേഷണം രാധാകൃഷ്ണനിലെത്തുകയായിരുന്നു.
അസോസിയേറ്റ് ആർട്ട് ഡയറക്ടറായ ഷാജി നടുവിലാണ് ലിസി ആശുപത്രിക്ക് സമീപം തട്ടുകട നടത്തുന്ന രാധാകൃഷ്ണനെ സിനിമയിൽ എത്തിച്ചത്. രാധാകൃഷ്ണന്റെ ഉന്തുവണ്ടിയിലുള്ള തട്ടുകടയും സിനിമയിൽ എത്തി. പിന്നീട് ഇതുവരെ 30 ഓളം സിനിമകൾ. മിക്കസിനിമയിലും സ്വന്തം തട്ടുകടയുമായി തന്നെയാണ് രാധാകൃഷ്ണൻ എത്തുന്നത്. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ നായകനടൻമാരുടെയെല്ലാം സിനിമകളിൽ രാധാകൃഷ്ണൻ ഇതുവരെ അഭിനയിച്ചു കഴിഞ്ഞു.
മലയാളസിനിമയിലെ അവിഭാജ്യഘടകം
ചെറിയ തട്ടുകട രംഗമായതിനാൽ നായകരുമായി അധികം ഇടപഴകേണ്ടി വന്നിട്ടില്ലെങ്കിലും ദിലീപ് ഒക്കെ ലൊക്കേഷനിൽ വച്ച് പരിചയം പുതുക്കാറുണ്ടെന്ന് രാധാകൃഷ്ണൻ പറയുന്നു. ദിലീപ് നന്നായി സംസാരിക്കും വീട്ടുകാര്യങ്ങളും മറ്റും ചോദിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ടു കണ്ട്രീസ്, ലവ് 24/7, അവതാരം, വെൽക്കം ടു സെൻട്രൽ ജെയിൽ തുടങ്ങി നിരവധി ദിലീപ് സിനിമകളിൽ തട്ടുകടക്കാരനായി. കോബ്ര, പത്തേമാരി, ഭാസ്കർ ദ റാസ്കൽ തുടങ്ങി നിരവധി മമ്മൂട്ടി സിനിമകളിലും വേഷമിട്ടു. പുലിമുരുകൻ, ഡാർവിന്റെ പരിണാമം എന്നീ സിനിമകളിലും വേഷമിട്ടു.
ഈ സിനിമകളുടെ പേരുകൾ തന്നെ സൂചിപ്പിക്കുന്നുണ്ട് രാധാകൃഷ്ണനും തട്ടുകടയും മലയാള സിനിമയുടെ അഭിഭാജ്യ ഘടകം തന്നെയാണെന്ന്. പുത്തൻപണം, കെയർ ഓഫ് സൈറാബാനു എന്നിവയാണ് ഇനി ഇറങ്ങാനിരിക്കുന്ന സിനിമകൾ.
മിക്ക സിനിമകളിലും ഒരു സീൻ മാത്രമെ ഉണ്ടാകു. അതുകൊണ്ടു തന്നെ പെട്ടെന്ന് പോയി തിരിച്ചു വരാനാകും.
ചില സിനിമകളിൽ രാവിലെ പോയി പിറ്റേന്നു രാവിലെ വരെ നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും രാധാകൃഷ്ണൻ പറയുന്നു. ഷൂട്ടിംഗ് ഉള്ള ദിവസം സിനിമാക്കാർ വാഹനം അയച്ച് തട്ടുകട ലൊക്കേഷനിൽ എത്തിക്കും. തിരിച്ചും എത്തിക്കും. അവിടെ ഭക്ഷണം ഉണ്ടാകും എന്നാലും കൗതുകത്തിന്റെ പേരിൽ ചില ലൊക്കേഷനിൽ സിനിമാക്കാർക്ക് തട്ടടിച്ച് ഭക്ഷണമൊക്കെ ഉണ്ടാക്കികൊടുക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
നല്ല വേഷം ചെയ്യാൻ ആഗ്രഹം
ഇതുവരെ അഭിനയിച്ചതിൽ ഒരു സിനിമയിൽ മാത്രമാണ് ഡയലോഗ് ലഭിച്ചത്. നല്ല വേഷങ്ങൾ ചെയ്യണമെന്ന് രാധാകൃഷ്ണനു ആഗ്രഹമുണ്ട്. അത്തരം വേഷങ്ങൾ തന്നാൽ നന്നായി ചെയ്യാമെന്നു വിശ്വാസമുണ്ടെന്നും അദ്ദേഹം പറയുന്നു. സിനിമയിൽ വേഷം കിട്ടാനായി ഇതുവരെ ശ്രമം ഒന്നും നടത്തിയിട്ടില്ല. എന്നെങ്കിലും അവസരം കിട്ടുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറയുന്നു.
അച്ഛന്റെ പാതയിൽ
രാധാകൃഷ്ണന്റെ അച്ഛൻ നാരായണനും ഹോട്ടൽ ബിസിനസ് ആയിരുന്നു. കരുവേലിപ്പടിയിൽ ആയിരുന്ന ഹോട്ടൽ. ചെറുപ്പം മുതൽ ഹോട്ടലും അതിന്റെ പരിസരങ്ങളുമായിരുന്നു ജീവിതമെന്നതിനാൽ രാധാകൃഷ്ണനും ജീവിതമാർഗമായി ആ വഴി തന്നെ തെരഞ്ഞെടുത്തു. സിനിമയിൽ എത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ കടയിൽ ഭക്ഷണം കഴിക്കാനായി എത്തുന്നവർ തിരിച്ചറിയുന്പോൾ ഒരു പ്രത്യേക സന്തോഷം തോന്നാറുണ്ട്.
ചേട്ടൻ ആ സിനിമയിൽ ഒക്കെ അഭിനയിക്കുന്ന ആളല്ലെ എന്നു ചോദിക്കുന്പോൾ അഭിമാനം തോന്നാറുണ്ട്. ജൂനിയർ ആർട്ടിസ്റ്റ് ആണെങ്കിലും ആളുകൾ തിരിച്ചറിയുന്നത് വലിയ കാര്യമാണ്. സിനിമയിൽ അഭിനയിക്കുന്ന ആളെന്നതരത്തിലുള്ള സ്നേഹവും പരിചയവും പരിഗണനയും ആളുകൾ തരാറുണ്ട്. അതുകൊണ്ടു തന്നെ ഒരു തവണ വന്നവർ ഈ പരിചയം വച്ച് പിന്നീടും ഇവിടെ ഭക്ഷണം കഴിക്കാൻ എത്താറുണ്ട്. ചില സിനിമാക്കാരും സ്ഥിരമായി രാധാകൃഷ്ണന്റെ കടയിൽ എത്തുന്നു.
സിനിമയിലും ജീവിതത്തിലും എല്ലാ പിന്തുണയുമായി രാധാകൃഷ്ണന്റെ ഭാര്യ ലതയും മക്കളായ രഞ്ജിത്തും രാഹുലുമുണ്ട്. രാവിലെ 5.30 മുതൽ എട്ടു വരെ രാവിലത്തെ ഭക്ഷണവിഭവങ്ങളാണ് കടയിലുണ്ടാകുക. വൈകുന്നേരം 7.30 മുതൽ 12 വരെ രാത്രിയിലെ ഭക്ഷണവിഭവങ്ങളുമായി രാധാകൃഷ്ണനും ലതയുമുണ്ട്.