സ്വന്തം ലേഖകൻ
കോഴിക്കോട്: തൊണ്ടയാട് മുതൽ രാമനാട്ടുകരവരെയുള്ള ബൈപാസിൽ മുളച്ചുപൊന്തുന്ന തട്ടുകകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ഭക്ഷണം കഴിച്ചാൽ പണികിട്ടും..! അടുത്തിടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത പഴകിയ ഭക്ഷണ പദാർത്ഥങ്ങളിൽ ഏറെയും ബൈപാസിനു സമീപത്തെ കടകളിൽ നിന്നാണ്. തട്ടുകടകൾ മുതൽ വലിയ ബോർഡുവച്ച് ഫൈവ് സ്റ്റാർ മേനിയോടെ നടത്തുന്ന ഹോട്ടലുകളും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസം തൊണ്ടയാട് ബൈപാസിലെ കെഎൽ 11 അടുക്കള എന്ന ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിലെ ഏഴുപേർക്ക് വിഷബാധയേറ്റതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. ഇതേ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.
ഹോട്ടലിനു പിറകിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതിനാൽ മാലിന്യം നിറഞ്ഞ അവസ്ഥയാണ്.ബൈപാസിലെ സോപാനം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ അഞ്ചു ലിറ്റർ എണ്ണ പിടികൂടി. ഫ്രിഡ്ജിൽ സൂക്ഷിച്ച മസാലക്കറിയും പിടിച്ചെടുത്തു. മാലിന്യം സംസ്കരിക്കാൻ ഇവിടെ സൗകര്യമില്ല. പാചകക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. സോപാനം ഹോട്ടലിന് 2500 രൂപ പിഴ ചുമത്തി. പ്രത്യേകം അറകൾ നിർമിച്ചാണ് ഇത്തരം ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കുന്നത്.
മജ്ലിസ് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഉപയോഗയോഗ്യമല്ലാത്ത ഇറച്ചിയും ചോറും ചപ്പാത്തിയും പിടിച്ചെടുത്തു. അഞ്ചു കിലോഗ്രാം ഗ്രിൽഡ് ചിക്കൻ, ഒരു കിലോഗ്രാം മീൻ വറുത്തത്, രണ്ടു കിലോഗ്രാം ഇറച്ചിക്കറി, അഞ്ചു കിലോഗ്രാം ചോറ്, അഞ്ചു ലിറ്റർ കറി എന്നിവ പിടിച്ചെടുത്തു. ഇവിടെ മുന്പും പരിശോധന നടത്തിയിരുന്നതിനാൽ അഞ്ചാം നിലയിലെ ഐസ്ക്രീം ഫ്രീസറിൽ രഹസ്യമായാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഈ ഹോട്ടലിന് 10,000 രൂപ പിഴചുമത്തി.അൽ ഖയർ ഹോട്ടലിൽനിന്ന് 10 കിലോഗ്രം തന്തൂരി, ഗ്രിൽഡ് ചിക്കൻ പിടിച്ചെടുത്തു. രണ്ടു ലിറ്റർ പഴകിയ മീൻകറി, നാലു ലിറ്റർ പഴകിയ എണ്ണ, അഞ്ചു കിലോഗ്രാം ചോറ് എന്നിവ കണ്ടെടുത്തു.
പ്യുവർ സൌത്ത് ഹോട്ടലിൽനിന്ന് പഴകിയ ചപ്പാത്തി പിടികൂടി. ഇവർക്ക് 5000 രൂപ പിഴയിട്ടു. തട്ടുകടകളുടെ പേരിൽ ലൈസൻസ് എടുത്ത് പിന്നീട് തിരക്കേറിയപ്പോൾ ഹോട്ടലാക്കി മാറ്റുകയായിരുന്നു ഇവയിൽ ഭൂരിഭാഗവും.
പന്തീരാങ്കാവ് ജംഗ്ഷനിൽ മാത്രം മൂന്ന് തട്ടുകടകളാണ് പുതിയതായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇതിനു പുറമേ 60 രൂപയ്ക്ക് ബിരിയാണി കിട്ടുന്ന തത്സമയ ബിരിയാണി സെന്ററുകൾ വേറെ. ഇതിൽ ഉപയോഗിക്കുന്ന ചിക്കൻ പഴകിയതാണെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ഉച്ചസമയത്തുമാത്രം പ്രവർത്തിക്കുന്നവയാണ് ഇതിൽ ഏറെയും. വൈകുന്നേരം പുട്ട്്, ചപ്പാത്തി, വെള്ളപ്പം തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളിലേക്ക് കടക്കും. ബൈപാസിലൂടെ യാത്രചെയ്യുന്നവരെ ഹോട്ടലിലേക്ക് ആകർഷിക്കാൻ പ്രത്യേകം ജീവനക്കാരുമുണ്ടാകും.
പലർക്കും ഇത്തരം തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാറുണ്ട്. എന്നാൽ ആശുപത്രിയിൽ ചികിത്സ തേടുന്പോൾ മാത്രമേ പലരും വിവരമറിയുന്നുള്ളു. ഒരു ദിവസം തുടങ്ങി നാളുക്കൾക്കകം അപ്രത്യക്ഷമാകുന്ന തട്ടുകടകളും ഏറെ. തണ്ണിപറന്പ് കുറ്റിക്കടവ് സ്വദേശികളായ ഏഴു പേരെയാണ് ഛർദിയും വയറിളക്കവുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊറോട്ട, വെള്ളയപ്പം, പത്തിരി എന്നിവക്കൊപ്പം വാങ്ങിയ ഇറച്ചിക്കറിയിൽ നിന്നാണ് വിഷബാധയേറ്റത്.