ചാരുംമൂട്: ആലപ്പുഴ ജില്ലയിലെ പ്രധാന ലഹരി മരുന്ന് തലവനും കൂട്ടാളിയും രണ്ടു കിലോ കഞ്ചാവുമായി നൂറനാട് പോലീസിന്റെ പിടിയിൽ. നൂറനാട് പുതുപ്പള്ളിക്കുന്നം ഖാൻ മൻസിലിൽ ഷൈജു ഖാൻ (40, കൂട്ടാളിയായ ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറിയിൽ സിജി ഭവനത്തിൽ ഗോപകുമാർ (40) എന്നിവരാണ് പിടിയിലായത്.
സ്കൂട്ടറിൽ കഞ്ചാവ് വിൽക്കാനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാടകീയമായി കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്.
ചാരുംമൂട് എസ്ക്വയർ ബാറിന് മുൻവശത്ത് കനാലിന്റെ പുറമ്പോക്കിൽ അനധികൃത തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തുകയായിരുന്നു ഷൈജുഖാൻ എന്നു പോലീസ് പറഞ്ഞു.