കൊച്ചി: സംസ്ഥാനമൊട്ടാകെ പനി പടർന്നു പിടിക്കുന്പോൾ എറണാകുളം ജില്ലയും ഒട്ടം പിന്നിലല്ല. 1800ലേറെ ആളുകളാണു വിവിധ ആശുപത്രികളിൽ ഓരോ ദിവസവും പനി ബാധിച്ചു ചികിത്സ തേടുന്നത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി പരിശോധിച്ചാൽ ഭീതിതമാകും കാര്യങ്ങൾ. മാലിന്യ നിർമാർജനവും വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിക്കുന്നതിനോടൊപ്പം ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കുന്നതു വളരെ സൂക്ഷിച്ചു വേണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിക്കുന്നത്.
പല ഹോട്ടലുകളും രാത്രിയിൽ പ്രവർത്തിക്കുന്ന തട്ടുകടകളും വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്ന സൂചനകൾ ലഭിച്ചതോടെ ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള രൂപീകരിച്ച പ്രത്യേക സ്ക്വാഡ് പ്രവർത്തനം ഉൗർജിതമാക്കിയിട്ടുണ്ട്. പരിശോധനകൾ കൂടുതൽ നടത്തി ആവശ്യമെങ്കിൽ കടകൾ അടപ്പിക്കാൻത്തന്നെയാണ് സ്ക്വാഡിന്റെ തീരുമാനം.
കഴിഞ്ഞ ദിസവം നടത്തിയ പരിശോധനയിൽ അങ്കമാലി മാർക്കറ്റ് താത്കാലികമായി അടപ്പിച്ചിരുന്നു. ഈ മേഖലയിൽത്തന്നെ ശുചിത്വം പുലർത്താതിരുന്ന മൂന്നു വീതം ഹോട്ടലുകളും തട്ടകടകൾ അടപ്പിച്ചു. അങ്കമാലി മാർക്കറ്റിലെ 14 മത്സ്യ സ്റ്റാളുകളും 14 ഇറച്ചിക്കടകളും തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവർത്തിച്ചിരുന്നതെന്നു ഹെൽത്ത് ഓഫീസർ പറഞ്ഞു.
മലിനജലം ഒഴുകി പോകാനോ സംസ്കരിക്കാനോ സംവിധാനമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഉടമകളെയും തൊഴിലാളികളെയും ബോധ്യപ്പെടുത്തിയാണു താൽക്കാലികമായി അടച്ചിടാൻ നിർദേശം നൽകിയത്. തൃപ്പൂണിത്തുറയിൽ മിനി ബൈപ്പാസ് മുതൽ കരിങ്ങാച്ചിറ വരെയുള്ള ഭാഗത്തു പരിശോധന നടത്തിയ സ്ക്വാഡ് 38 തട്ടുകടകൾ നീക്കം ചെയ്തു. ലൈസൻസും ഹെൽത്ത് കാർഡുമില്ലാതെ പ്രവർത്തിച്ച ഹോട്ടലും അടപ്പിച്ചു.
സ്ഥലത്തെ ഒരു പ്രധാന ഹോട്ടലിൽ തീർത്തും അനാരോഗ്യകരമായ സാഹചര്യത്തിലാണു കുടിയേറ്റത്തൊഴിലാളികൾക്കു താമസസൗകര്യം നൽകിയിരുന്നത്. മറ്റു രണ്ടു ഹോട്ടലുകളിലും ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. സ്ഥിതി മെച്ചപ്പെടുത്തി നഗരസഭാ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയശേഷം മാത്രമേ ഇവ ഇനി തുറക്കാൻ അനുവദിക്കൂകയുള്ളൂ. തൃപ്പൂണിത്തുറയിൽ അടപ്പിച്ച ഹോട്ടലിൽ പഴകിയ വറുത്ത ഭക്ഷണ സാധനങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചശേഷം വീണ്ടും ഉപഭോക്താക്കൾക്കു നൽകുന്നതു സ്ക്വാഡ് കണ്ടെത്തി. ഈ സ്ഥാപനത്തിനെതിരേ കേസ് രജിസ്റ്റർ ചെയ്തു.
ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി നഗരത്തിൽ ഹൈക്കോടതി ഗോശ്രീ റോഡ് പരിസരം, ബൈപ്പാസിൽ ഇടപ്പള്ളി, വൈറ്റില തുടങ്ങിയ ഭാഗങ്ങളിലും വൃത്തിഹീനമായും അനധികൃതമായും പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തിരുന്നു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമായി തുടരും.
ഹൈക്കോടതി ജംഗ്ഷൻ മുതൽ ഗോശ്രീ പാലം വരെയുള്ള ഭാഗങ്ങളിൽ വീണ്ടും കടകൾ സ്ഥാപിക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ആരോഗ്യം, തദ്ദേശസ്വയംഭരണം, റവന്യു, സിവിൽ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണു സ്ക്വാഡിലുള്ളത്. ഡെങ്കിപ്പനിയോടൊപ്പം മഞ്ഞപ്പിത്തം, എച്ച്വണ് എന്‍വണ്‍, ചിക്കന്‍ പോക്സ് തുടങ്ങിയ പകര്‍ച്ച വ്യാധികളാണു ജില്ലയില്‍ പെരുകുന്നത്.