കോഴിക്കോട്: സംസ്ഥാനത്തെ വഴിയോര തട്ടുകടകളുടെ പ്രവര്‍ത്തനം നിയമവിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഹോട്ടലുകളേക്കാള്‍ കൂടുതല്‍ തട്ടുകടകളാണ് നഗരത്തില്‍ രാത്രികാലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പെട്ടിക്കടകളിലും വാനിലുമായാണ് തട്ടുകടക്കാര് രാത്രികാലങ്ങളില്‍ മാത്രം കച്ചവടത്തിനിറങ്ങുന്നത്.
വിലകുറവും നാടന്‍ ഭക്ഷണവുമാണ് ഇത്തരം തട്ടുകടക്കാരിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നതെങ്കിലും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഗുണനിലവാരത്തെ കുറിച്ച് ആരും ബോധവാന്മാരല്ല.മാത്രമല്ല അധികൃതരുടെ ഭാഗത്തുനിന്നും പരിശോധന ഏതാണ്ട് നിലച്ചമട്ടാണ്. പരിശോധനയും നിലച്ചു.
അര്‍ധരാത്രി ബൈപാസ് റോഡുകളില്‍ തമ്പടിക്കുന്ന തട്ടുകടകള്‍ ദീര്‍ഘദൂര യാത്ര കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാര്‍ക്ക് ആശ്രയമാകാറുണ്ട്. ഇത്തരത്തില്‍ രാത്രി മുതല്‍ പുലര്‍ച്ച വരെ കൂണുകള്‍ പോലെ പ്രത്യക്ഷപ്പെടുകയും രാവിലെ അപ്രത്യക്ഷരാവുകയും ചെയ്യുന്ന തട്ടുകടകളാണ് ജില്ലയില്‍ ഏറെയുള്ളത്.പെട്ടി ഓട്ടോയില്‍ ഭക്ഷണം വിതരണം ചെയ്യുന്നവരും ഏറെയാണ്.
ഒരു മാനദണ്ഡവുമില്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും മറ്റു ഭക്ഷണശാലകള്‍ക്കും ഭീഷണിയാവുന്നുവെന്ന് മാത്രമല്ല, ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണന്നും ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് അംഗങ്ങള്‍ പരാതിപ്പെടുന്നു. നിയമങ്ങള്‍ എല്ലാവര്ക്കും ബാധകമാക്കണം.
നിലവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന തട്ടുക്കടക്കാര്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും അസോസിയേഷന് മുന്നോട്ടുവെച്ചു. 2017 വര്‍ഷത്തില്‍ തൊണ്ടയാട് ബൈപാസ് റോഡിലുള്ള തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയതില്‍ ദിവസങ്ങളോളം പഴക്കമുള്ള ചിക്കന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് പിടിച്ചെടുത്തത്.