തുറവൂർ: ദേശീയപാതയോരത്ത് നിന്ന് നീക്കം ചെയ്ത അനധികൃത തട്ടുകടകൾ വീണ്ടും പുനർനിർമിച്ച് തുടങ്ങി. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് അനധികൃതമായി നിർമിച്ച തട്ടുകടകൾ പൊളിച്ചു നീക്കാൻ നടപടിയായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂരിഭാഗം കടകളും സ്വമേധയ പൊളിച്ചു നീക്കിയിരുന്നു.
അരൂർ മുതൽ ഒറ്റപ്പുന്ന വരേയുള്ള ഭാഗങ്ങളിലെ അനധികൃത തട്ടുകടകളും വഴി വാണിഭ കേന്ദ്രങ്ങളുമാണ് പൊളിച്ചു നീക്കിയത്. എന്നാൽ തുറവൂരിൽ കഴിഞ്ഞ ദിവസം പൊളിച്ചു മാറ്റിയ തട്ടുകടകൾ കുടുതൽ ഉറപ്പുള്ള സാമഗ്രികൾ ഉപയോഗിച്ച് പുനർനിർമാണം തുടങ്ങിയിട്ടുണ്ട്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാതയോരങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തട്ടുകടകളും മറ്റ് അനധികൃത നിർമാണങ്ങളും പൊളിച്ചു നീക്കാൻ പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും നോട്ടീസ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനാധികൃതർ പ്രചരണവും നടത്തിയിരുന്നു.
ഇതേത്തുടർന്നാണ് ഉടമകൾ സ്വമേധയ കടകൾ നീക്കം ചെയ്തത്. എന്നാൽ അടുത്ത ദിവസം തന്നെ കടകൾ വീണ്ടും കെട്ടി അധികൃതരെ വെല്ലുവിളിച്ച് നടത്തുന്ന നിയമ ലംഘനത്തിന് അധികൃതരിൽ ചിലർ കുട പിടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. തുറവൂരിൽ പലതവണ നീക്കം ചെയ്തതാൽകാലിക കടകൾ മണിക്കൂറുകൾക്കകം പുനർനിർമിക്കുന്നത് പതിവാണ്. കടയുടമയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണ് കൈയേറ്റത്തിന് നേരെ അധികൃതർ കണ്ണടയ്ക്കുന്നതിന് കാരണമെന്ന്് നാട്ടുകാർ ആരോപിക്കുന്നു.