നാദാപുരം: കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നതിന് മുമ്പേ വാഹന യാത്രക്കാരെ ലക്ഷ്യമിട്ട് പുഴയോരത്തെ പൊതുമരാമത്ത് സ്ഥലങ്ങളില്‍ അനധികൃത തട്ടുകടകള്‍ വ്യാപകമായി.പെരിങ്ങത്തൂര്‍, പാറക്കടവ് പാലങ്ങള്‍ക്ക് സമീപത്താണ് അനധികൃത തട്ടുക്കടകള് പ്രവര്‍ത്തിക്കുന്നത്.
പെരിങ്ങത്തൂരിലെ വ്യാപാരികളുടെയും, നാട്ടുകാരുടെയും പരാതിയില്‍ ഹൈകോടതി ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് അനധികൃത കച്ചവടം ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് പോലീസിന്റെ സഹായത്തോടെ പൊളിച്ച് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാറക്കടവ് പാലത്തിന് സമീപത്തെ റോഡരിക് കെട്ടി ഉയര്‍ത്തി തട്ടുകട തുടങ്ങിയത്.
റോഡരികില്‍ മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്ത് പഴയ ലോറി നിര്‍ത്തി അതിലാണ് സാധനസാമഗ്രികള്‍ സൂക്ഷിക്കുകയും സമീപത്തായി ഷെഡ് നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. തട്ടുകടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് അനധികൃത തട്ടുകടകള്‍ പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയെങ്കിലും പൊളിച്ചുമാറ്റിയില്ല.