പുതുക്കാട്: മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പുതുക്കാട് മേഖലയിലെ പാതയോരത്തുള്ള തട്ടുകടകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ചൂടുവെള്ളം നൽകണമെന്ന നിർദേശം പാലിക്കാത്തതും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനും ആരോഗ്യ കാർഡ് ഇല്ലാതിരുന്നതുമായ ആറു തട്ടുകടകളിൽ നിന്ന് പിഴ ഈടാക്കി. 7000 രൂപ വീതമാണ് ആരോഗ്യവകുപ്പ് പിഴ ചുമത്തിയത്.
ദേശീയപാതയോരത്തുള്ള എല്ലാ ഭക്ഷണവില്പന സ്ഥാപനങ്ങളിലും ബേക്കറികളിലും ആരോഗ്യവകുപ്പു പരിശോധന നടത്തി. പൂർണമായും സുരക്ഷിതമായ ഭക്ഷണം മാത്രമേ തട്ടുകടകളിൽ വിതരണം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പുതുക്കാട് ഹെൽത്ത് ഇൻസ്പെക്ടർ സി.എൻ. വിദ്യാധരൻ, ജെഎച്ച്ഐമാരായ കെ.എസ്. സുമൽ, മൻജിത് പുലാപറന്പിൽ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.
പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിലെ കിണറുകളിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തിയതായി അധികൃതർ അറിയിച്ചു.ഇതിനിടെ അളഗപ്പനഗർ പഞ്ചായത്തിൽ ഒരാൾക്കു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിൽ പുതിയതായി ആർക്കും മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.