കൊട്ടാരക്കര : കൊട്ടാരക്കര ചന്തമുക്കില്‍ ദേശീയ പാതയോരത്ത് രാത്രി കാലത്ത് പ്രവര്‍ത്തിക്കുന്ന തട്ട് കട കേന്ദ്രീകരിച്ച് മദ്യപ ശല്യമെന്ന് വ്യാപാരികളുടെ പരാതി . തട്ട് കട പ്രവര്‍ത്തിക്കുന്നത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണെന്നും വ്യാപാരികള്‍ കൊട്ടാരക്കര പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു .
കൊട്ടാരക്കര ചന്തയ്ക്ക് സമീപം ദേശീയ പാതയോരത്താണ് തട്ട് കട പ്രവര്‍ത്തിക്കുന്നത് .രാത്രി ഏഴോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന തട്ട് കടയുടെ വ്യാപാരം പുലര്‍ച്ച വരെ നീളുന്നു .ഈ സമയങ്ങളില്‍ വാഹനങ്ങളില്‍ എത്തുന്നവര്‍ തട്ട് കടയുടെ മുന്നില്‍ നിര്‍ത്തിയിടുകയും വാഹനത്തിനുള്ളിലിരുന്ന് മദ്യപിക്കുകയും ചെയുന്നത് പതിവാണ് .
തട്ട് കടയില്‍ നിന്നും ഭക്ഷണവും വെള്ളവും മറ്റും ലഭിക്കുന്നതിന് വേണ്ടിയാണ് ഇവിടെ വാഹനം നിര്‍ത്തിയിട്ട് മദ്യപിക്കുന്നത് .മദ്യപിച്ച ശേഷം മദ്യകുപ്പികളും വെള്ള കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും റോഡിലേക്കും അടഞ്ഞ് കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ മുന്‍ വശത്തേക്കും വലിച്ചെറിയുന്നു .
കട തുറക്കാനെത്തുന്ന വ്യാപാരികള്‍ ഈ മാലിന്യം നീക്കം ചെയ്തതിന് ശേഷം മാത്രമേ കട തുറക്കാന്‍ കഴിയൂ എന്ന സ്ഥിതിയാണ് .പലവട്ടം അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല .ദേശീയ പാതയോരത്ത് കൊട്ടാരക്കര മുനിസിപാലിറ്റി നിര്‍മ്മിച്ചിട്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം കൈയടക്കിയാണ് തട്ട് കട നടത്തി വരുന്നത് .
സന്ധ്യയോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ തട്ടുകടയുടെ പ്രവര്‍ത്തനത്തിനാവശ്യമായ സാധനങ്ങള്‍ നിരത്തുന്നതോടെ വഴിയാത്രക്കാര്‍ക്ക് കയറി നില്ക്കാന് പറ്റാത്ത സ്ഥിതിയാണ് .മുനിസിപ്പല്‍ അധികൃതരോട് ഇത് പരാതിയായി നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ നടപടി സ്വീകരിച്ചിട്ടില്ല .ഇപ്പോള്‍ പൊലീസിന് നല്കിയ പരാതിയിലെങ്കിലും നടപടി യുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍ .