എരുമേലി: ഇരുനൂറ് രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ശേഷം രണ്ടായിരം രൂപ നോട്ടിന്റെ കളര്ഫോട്ടാസ്റ്റാറ്റ് പകര്‍പ്പ് നല്കി ബാക്കി തുക ആവശ്യപ്പെട്ടവര്‍ കടയുടമയുടെ ബുദ്ധിയില്‍ കുടുങ്ങിയതിനൊടുവില് പോലീസെത്തുന്നതറിഞ്ഞ് കാറില്‍ കയറി രക്ഷപെട്ടു.
എരുമേലിക്കടുത്ത് നെടുങ്കാവ് വയലിലാണ് സംഭവം. നോട്ട് കിട്ടിയത് ബാറില്‍ നിന്നാണെന്നും വേറെ പണം കൈയിലില്ലെന്നും ബാക്കിതുക ആവശ്യപ്പെട്ടവര്‍ പറഞ്ഞപ്പോഴാണ് കടയുടമയായ പാറക്കടവില്‍ നെജിമോന് സംശയം തോന്നിയത്. രണ്ടായിരം രൂപ നോട്ട് ബാറില്‍ നിന്നു ബാക്കി കിട്ടണമെങ്കില്‍ എത്ര രൂപയാണ് ബാറില്‍ നല്‍കിയതെന്ന് നെജിമോന് ചോദിച്ചു. ഇതിന് മറുപടി നല്കാനാവാതെ കുഴങ്ങുന്നത് കണ്ട നെജിമോന് നോട്ട് സൂഷ്മമായി പരിശോധിച്ചപ്പോഴാണ് കളര്‍ ഫോട്ടോസ്റ്റാറ്റാണെന്ന് ഉറപ്പായത്. ഉടന്‍ തന്നെ എരുമേലി പോലിസ് സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇത് കണ്ട് തട്ടിപ്പ് സംഘം നോട്ട് തിരികെ വാങ്ങാന്‍ പോലും നില്‍ക്കാതെ കാറില്‍ കയറി രക്ഷപെടുകയായിരുന്നു.
കാറിന്റെ ഫോട്ടോയും രജിസ്ട്രേഷന് നമ്പരും മൊബൈല്‍ ഫോണ്‍കാമറയില്‍ നെജിമോന് പകര്‍ത്തിയിരുന്നു. ഈ തെളിവുകളും വ്യാജനോട്ടും പോലിസിന് കൈമാറി. അപരിചിതരായ മൂന്നംഗസംഘമാണ് തട്ടിപ്പിന് ശ്രമിച്ചത്. ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജനോട്ട് തട്ടിപ്പ് നടക്കുന്നതിനു പിന്നില്‍ ഈ സംഘവുമുണ്ടെന്നാണ് സംശയം. ഇവരെപ്പറ്റി പോലിസ് അന്വേഷിച്ചുവരികയാണ്. നോട്ടുകള്‍ പരിശോധിച്ച് വ്യാജനല്ലെന്ന് ഉറപ്പാക്കാതെ ഇടപാടുകള്‍ നടത്തരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.