പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ മുതുകാട്ടെ ആദിവാസി വനിതകളായ ശോഭയും ഉണ്ണിമായയും തയ്യലിൽ കൂടുതൽ വൈദഗ്ധ്യം നേടാൻ ഉടൻ തിരുവനന്തപുരത്തേക്ക് പോകും. തെരഞ്ഞെടുക്കപ്പെട്ട ആദിവാസി സ്ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ സംസ്ഥാന വനിതാ വികസന കോർപറേഷൻ നടത്തിയ പദ്ധതിയിലൂടെ തയ്യൽ പരിശീലനം നേടിയ ഇരുവരും സൂപ്പർവൈസർമാരാകാനുള്ള പരിശീലനം നേടാനാണ് തലസ്ഥാനത്തേക്ക് പോകുന്നത്.
പരന്പരാഗത ജോലികളോട് മാത്രം താത്പര്യം പ്രകടിപ്പിച്ചിരുന്ന ആദിവാസി സ്ത്രീകളെ ഉന്നതിയിലേക്ക് കൊണ്ടുവരാൻ കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ ശ്രമമാണ് സ്വയം തൊഴിൽ പരിശീലനത്തിലേക്ക് നയിച്ചത്. ആദിവാസി മേഖലകളിൽ സർവേ നടത്തിയാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദ്ദേശ പ്രകാരമാണ് പദ്ധതി നടപ്പാക്കിയത്.
പരമ്പരാഗത കുടില്‍ വ്യവസായത്തിന് പുറമെ തെരഞ്ഞെടുത്ത 27 വനിതകള്‍ക്ക് തയ്യല്‍ പരിശീലനം നല്കി. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയ 16 പേര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ടെക്സ്റ്റൈല്‍സ് മന്ത്രായലത്തിന്റെ സഹകരണത്തോടെ തൊഴില്‍ശാലകള്‍ നിര്‍മിച്ചു നല്‍കാനുള്ള പദ്ധതികളും ആരംഭിച്ചു. ഇതില്‍ മികച്ച പരിശീലനം കാഴ്ചവച്ച ശോഭയെയും ഉണ്ണിമായയെയുമാണ് സൂപ്പർവൈസർമാരാക്കാൻ തെരഞ്ഞെടുത്തത്.
150 രൂപയായിരുന്നു പരിശീലനകാലത്ത് ഇവർക്ക് സ്റ്റൈപ്പന്റ് നൽകിയിരുന്നത്. പിന്നീട് തൊഴിലുറപ്പ് ജോലിയുടെ വേതനം സ്റ്റൈപ്പന്റായി നൽകിയതോടെ കൂടുതൽ പേർ പരിശീലനത്തിനെത്തി. മക്കളുടെ പരിപാലനത്തിനായി ഡേ കെയര്‍, ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവയും പരിശീലന സ്ഥലത്ത് ഒരുക്കുന്നുണ്ട്. എംഎസ്ഡബ്ല്യു പാസായ രണ്ടു പേരെ ഇവരുടെ സഹായത്തിന് നിയമിച്ചിട്ടുണ്ട്. ഇവർ പരിശീലന സ്ഥലത്ത് താമസിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പട്ടികജാതി വകുപ്പിലെ സ്കൂള്‍ , ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യൂണിഫോമുകള്‍ ഇവിടത്തെ തൊഴില്‍ശാലയില്‍ നിന്ന് തയ്ച്ച് നല്‍കാനുള്ള കരാര്‍ പട്ടികജാതി വകുപ്പുമായി ഒപ്പിട്ടു കഴിഞ്ഞു. അതിനുള്ള പരിശീലനമാണ് ഇനി നടത്താനുള്ളതെന്ന് സംസ്ഥാന വനിത വികസന കോര്പറേഷന് ചെയര്‍പേഴ്സൺ കെ.എസ്. സലീഖ അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ തെരഞ്ഞെടുത്ത 50 കുടുംബങ്ങൾക്ക് പശുക്കളെ നൽകാനുള്ള പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള പരിശീലനം ഉടൻ ആരംഭിക്കുമെന്നും ചെയര്‍പേഴ്സൺ പറഞ്ഞു. കോര്പറേഷന് നടപ്പിലാക്കുന്ന പദ്ധതികള്‍ ആദിവാസി മേഖലയുടെ ഉന്നമനത്തിന് കാരണമാകുന്നതായി മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു.
മുതുകാട് കോളനിയിലെ 125 കുടുംബങ്ങളുടെ വികസനത്തിന് വേണ്ടിയുള്ള കര്‍മ പദ്ധതികളില്‍ കൂടുതല്‍ സംരംഭങ്ങള്‍ കൊണ്ട് വരുമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താസമ്മേളത്തില്‍ വി.സി. ബിന്ദു, റീജണല്‍ മാനേജര്‍ കെ. ഫൈസല്‍ മുഹമ്മദ്, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനില്‍ തുടങ്ങിയവരും പങ്കെടുത്തു.