മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ സാന്പത്തിക ക്രമക്കേടിൽ നഷ്ടമായെന്നു അന്വേഷണത്തിലൂടെ കണ്ടെത്തിയ 38.73കോടി രൂപ അന്നത്തെ ജീവനക്കാർ, ഭരണ സമിതി അംഗങ്ങൾ എന്നിവരിൽ നിന്ന് ഈടാക്കുന്നതിനു സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാർ(ജനറൽ) ഉത്തരവായി.
തഴക്കര ശാഖ മുൻ മാനേജർ ജ്യോതി മധുവിൽ നിന്നു 12.06 കോടി, മുൻ കാഷ്യർ ബിന്ദു ജി. നായരിൽ നിന്നും 9.54 കോടി, മുൻ ക്ലർക്ക് കുട്ടിസീമ ശിവയിൽ നിന്നും 9.57 കോടി, മുൻ സെക്രട്ടറി അന്നമ്മ മാത്യു, ബാങ്ക് ഭരണ സമിതിയുടെ മുൻ പ്രസിഡന്റ് പരേതനായ കോട്ടപ്പുറത്ത് വി. പ്രഭാകരൻപിള്ള എന്നിവരിൽ നിന്നും 3.25 കോടി വീതം, ഭരണ സമിതി മുൻ അംഗങ്ങളായ പരേതനായ പൊന്നപ്പൻ ചെട്ടിയാറിൽ നിന്നും 26.63 ലക്ഷം, പി.കെ. മഹേന്ദ്രൻ, മോഹനൻ എന്നിവരിൽ നിന്നും 27.89ലക്ഷം വീതം,നഅംബികാദേവി സുനിൽ കുമാറിൽ നിന്നും 14.06ലക്ഷം, കുഞ്ഞുമോൾ രാജുവിൽ നിന്നും 4.64 ലക്ഷം, അഭിലാഷ് തൂന്പിനാത്തിൽ നിന്നും രണ്ടുലക്ഷം, കുര്യൻ പള്ളത്തിൽ നിന്നും 89120, സുജ ജോഷ്വയിൽ നിന്നും 44143, കല്ലുമല രാജനിൽ നിന്നും 20569 രൂപ എന്നിങ്ങനെ ഈടാക്കാനാണു ഉത്തരവ്.
മരിച്ച കോട്ടപ്പുറത്ത് വി.പ്രഭാകരൻപിള്ള, പൊന്നപ്പൻ ചെട്ടിയാർ എന്നിവരിൽ നിന്നും ഈടാക്കേണ്ട തുക നിയമാനുസൃതമായ അനന്തരാവകാശികളെ കണ്ടെത്തിയ ശേഷം ഈടാക്കാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കും. ക്രമക്കേട് നടന്നെന്നു അന്വേഷണത്തിൽ കണ്ടെത്തിയ 2017ഏപ്രിൽ മുതൽ 18 ശതമാനം പലിശ സഹിതമാണു തുക തിരികെ അടയ്ക്കേണ്ടത്.
2016 ഡിസംബർ 24ന് ആണു ബാങ്കിന്റെ തഴക്കര ശാഖയിലെ ക്രമക്കേട് കണ്ടെത്തുന്നത്. തുടർന്നു സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ സ്വർണ വായ്പയിൽ 9.36 കോടി, സ്ഥിര നിക്ഷേപ വായ്പയിൽ 14.71 കോടി, ഉപഭോക്തൃ വായ്പയിൽ 3.86കോടി, ക്യുമിലേറ്റിവ് നിക്ഷേപ വായ്പയിൽ 2.37 കോടി, വ്യാപാരികളുടെ പരസ്പര ജാമ്യത്തിലുള്ള വായ്പയിൽ 5.09കോടി, സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പയിൽ 1.03കോടി എന്നിങ്ങനെയാണ് ക്രമക്കേട് കണ്ടെത്തിയത്.