കോട്ടയം: താഴത്തങ്ങാടി ബസ് ദുരന്തത്തിന്റെ ഒന്‍പതാം വാർഷികമാണ് ഇന്ന്. വാർ ഷികത്തിന്റെ തലേന്ന് രാത്രി അപകടത്തി ൽപ്പെട്ട ബസ് ഉടമ മരിച്ചത് നാടിനെ ദുഃഖ ത്തിലാഴ്ത്തി. താഴത്തങ്ങാടിയിൽ അപകടത്തിൽപ്പെട്ട പിടിഎസ് ബസിന്റെ ഉടമ കുമരകം വിരിപ്പുകാല പറന്പിൽ (മാളികയിൽ) പരേതനായ പി.കെ. കരുണാകരന്റെ മകൻ പി.കെ. ബൈജു (57)വാണു ഇന്നലെ രാത്രി മരിച്ചത്.
ഒന്‍പതു വർഷം മുന്‍പാണു 11 പേരുടെ മരണത്തിനിടയാക്കിയ താഴത്തങ്ങാടി ബസ് അപകടമുണ്ടായത്. ചേർത്തലയിൽനിന്ന് കോട്ടയത്തേക്കു വന്ന സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എസ്എൻ കോളജിലെ വിദ്യാർഥികളടക്കം 10 പേരും രക്ഷാ പ്രവർത്തനത്തിനിടെ ഒരാളും മരണപ്പെട്ടിരുന്നു. തിരുനക്കര പൂര ദിവസം 2010 മാർച്ച് 23ന് 2.18നാണ് അപകടം.
കോട്ടയം-കുമരകം റോഡിൽ താഴത്തങ്ങാടി അറവുപുഴ ഭാഗത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ച ബസ് യാത്രക്കാരുമായി ആറ്റിലേക്കു പതിക്കുകയായിരുന്നു. 30 ലേറെ യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു പി.കെ. ബൈജു. അപകട വാർഷികത്തിനു ഒരുദിവസം മുന്‍പുള്ള ബൈജുവിന്റെ വിയോഗം കുമരകത്തെ ഈറനണിയിച്ചു. പ
റന്പിൽ ട്രാവൽസ് (പിടിഎസ്), തറവാട് ഫാമിലി റസ്റ്ററന്റ് ഉടമ, വിരിപ്പുകാല എസ്എൻഡിപി ശാഖയോഗം പ്രസിഡന്റ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, സ്പെയർ പാർട്സ് വിംഗ് ചെയർമാൻ, കവണാറ്റിൻകര ശ്രീനാരായണ ബോട്ട് ക്ലബ് പ്രസിഡന്റ്, കോട്ടയം റേഞ്ച് അബ്കാരി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചുവരികയായിരുന്നു.
ഭാര്യ: അനിത. ചേർത്തല കൊച്ചുകരിയിൽ കുടുംബാംഗം. മക്കൾ: ആര്യ, ആർദ്ര. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു വീട്ടുവളപ്പിൽ.