കോട്ടയം: താഴത്തങ്ങാടി ഇരട്ടക്കൊലപാതക കേസിൽ പ്രതി രക്ഷപ്പെടുമോ ?. ആശങ്കയോടെ നാട്ടുകാരും കൊല്ലപ്പെട്ടവരുടെ കുടുംബവും.
ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ് 40 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലി(65) ഇന്നലെ മരണത്തിനു കീഴടങ്ങി.
ജൂണ്‍ ഒന്നിനാണ് അയൽവാസിയായ മുഹമ്മദ് ബിലാൽ സാലിയെയും ഭാര്യയെയും ആക്രമിച്ചത്. ആക്രമണത്തിൽ സാലിയുടെ ഭാര്യ ഷീബ (60) സംഭവദിവസം തന്നെ കൊല്ലപ്പെട്ടിരുന്നു. അക്രമത്തിലെ ഏക ദൃക്സാക്ഷിയായിരുന്നു ഇന്നലെ മരിച്ച മുഹമ്മദ് സാലി.
കേസിലെ പ്രതി മുഹമ്മദ് ബിലാലിനു മാനസീക പ്രശ്നമുണ്ടെന്നു വരുത്തി തീർക്കാനുള്ള ശ്രമം പ്രതിയെ പിടികൂടിയ അന്നുമുതൽ ഉയർന്നിരുന്നു. ഇതേത്തുടർന്നു പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു മനോനില പരിശോധിക്കാൻ കോടതി നിർദേശിച്ചു.
സീനിയർ ഡോക്ടറെ ഉപയോഗിച്ചു മനോനില പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ജയിൽ സൂപ്രണ്ടിനോടാണു ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരിക്കുന്നത്.
ബിലാലിനു മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സ തേടിയിരുന്നതായും കുടുംബവും പ്രതിഭാഗവും വാദിച്ചിരുന്നു. കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് ആദ്യം പറഞ്ഞ ബിലാലിന്റെ ബന്ധുക്കൾ ഇപ്പോൾ പ്രതിക്കുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകന്റെ സഹായത്തോടെയാണു കേസ് നടത്തുന്നത്.
പ്രതിക്കു മാനസീക പ്രശ്നമുണ്ടെന്നു വരുത്തി തീർത്ത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജൂണ്‍ ഒന്നിനു നടന്ന ആക്രമണക്കേസിൽ ഉടൻ കുറ്റപത്രം പോലീസ് തയാറാക്കും. കേസിൽ ശക്തമായ തെളിവാകേണ്ടത് സാലിയുടെ മൊഴിയായിരുന്നു.
ആശുപത്രിയിൽ കഴിഞ്ഞിരുന്ന സാലിയുടെ മൊഴി എടുക്കാൻ പോലീസ് പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇനി സിസിടിവി ദൃശ്യങ്ങൾ, പരിസരവാസികളുടെ മൊഴി എന്നിവ തെളിവാക്കുമെന്നു പോലീസ് പറഞ്ഞു.
തലയ്ക്കേറ്റ അടി മൂലമാണ് ഷീബയുടെ (55) മരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ സാഹചര്യ തെളിവ് മാത്രമാണു പോലീസിന്റെ പക്കലുള്ളത്. ശാസ്ത്രീയ തെളിവുകൾ നിരത്തിയാകും കോടതിയിൽ പ്രതിയെ നേരിടുക.