കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്നു താഴത്തങ്ങാടിയിൽ എത്തിച്ചു തെളിവെടുക്കും. ഇന്നു രാവിലെ തന്നെ പ്രതിയായ മുഹമ്മദ് ബിലാലി (23)നെ താഴത്തങ്ങാടിയിൽ എത്തിക്കും.
കൊലപാതക ദിവസം രാവിലെ ബിലാലിനെ അവിടെ കണ്ടതായി താഴത്തങ്ങാടിയിലുള്ള ലോഡിംഗ് തൊഴിലാളികൾ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിക്കുന്നത്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
വീട്ടിൽ മോഷണം നടത്തിയതും വീട്ടമ്മയെ കൊലപ്പെടുത്തിയതും അസാമിലെ കാമുകിയുടെ അടുത്തേക്കു പോകാനാണെന്ന് കസ്റ്റഡിയിൽ വാങ്ങിയ പോലീസ് ചോദ്യം ചെയ്തപ്പോൾ ബിലാൽ മൊഴി നൽകി.
നാളുകൾക്കു മുന്‍പു എറണാകുളത്ത് ഹോട്ടലിൽ ജോലി ചെയ്യുന്പോഴാണ് അസം സ്വദേശിയായ പെണ്‍കുട്ടിയുമായി ബിലാൽ അടുക്കുന്നത്. തുടർന്ന് ഇവർ നാട്ടിലേയ്ക്കു മടങ്ങിയെങ്കിലും വാട്സ്അപ്പിലും ഫോണിലുമായി ഇവർ ബന്ധം തുടർന്നിരുന്നു.
വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടായതിനെ തുടർന്നാണ് ബിലാൽ അസമിലേയ്ക്കു നാടുവിടാൻ തീരുമാനിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് താഴത്തങ്ങാടി ഷീനാ മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ അതിക്രൂരമായി ആക്രമിച്ച് ഭാര്യ ഷീബയെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിനുശേഷം ദന്പതികളുട വീട്ടിലെ കാറുമായി കടന്നുകളഞ്ഞ പ്രതി കാർ ആലപ്പുഴയിൽ ഉപേക്ഷിച്ചശേഷം എറണാകുളത്ത് ജോലിയ്ക്കു കയറുകയായിരുന്നു. ഇന്നലെ പോലീസ് പ്രതിയെയുമായി ആലപ്പുഴയിലെ ലോഡ്ജിലും ചെങ്ങളത്തെ പെട്രോൾ പന്പിലും എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.