കോട്ടയം: താഴത്തങ്ങാടിയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ദന്പതികളെ കണ്ടെത്താൻ മറിയപ്പള്ളിയിലെ പാറമടക്കുളത്തിൽ ക്രൈംബ്രാഞ്ച് സംഘം തെരച്ചിൽ നടത്തും.
ഇതിനു മുന്നോടിയായി പാറമടക്കുളം വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകി.
ഏഴു വർഷം മുൻപ് ചങ്ങനാശേരിയിൽനിന്നും കാണാതായ മഹാദേവന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് ഈ കുളത്തിൽ നിന്നായിരുന്നു.
2017 മേയിലാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം, ഹബീബ ദന്പതിമാരെ കാണാതായത്. ഹർത്താൽ ദിനത്തിൽ വൈകുന്നേരം വീട്ടിൽനിന്നും ഭക്ഷണം വാങ്ങുന്നതിനായാണ് ഇരുവരും പുതിയ കാറുമായി പുറത്തിറങ്ങിയത്.
രാത്രി വൈകിയും ഇവർ വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കടുത്ത വിശ്വാസികളായിരുന്ന ഇരുവർക്കുമായി വിവിധ പള്ളികളിലും അജ്മീർ ദർഗയിലും അടക്കം പോലീസ് അന്വേഷണം നടത്തിയിരുന്നു.
ആദ്യം കോട്ടയം വെസ്റ്റ് പോലീസാണ് കേസ് അന്വേഷിച്ചത്. ഇരുവരെയും കണ്ടെത്താനാവാതെ വന്നതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറി.
കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കോട്ടയം മുതൽ കുമരകം വരെയുള്ള പ്രദേശത്തെ കുളങ്ങളും ജലാശയങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ അടക്കം തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയുംപറ്റി സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
ഇതിനിടെയാണ് ഇപ്പോൾ വർഷങ്ങൾക്കു മുൻപ് കാണാതായ ചങ്ങനാശേരി മതുമൂല മഹാദേവന്റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയ മറിയപ്പള്ളിയിലെ പാറമടക്കുളത്തിൽ ക്രൈംബ്രാഞ്ച് തെരച്ചിൽ നടത്താനായി ഒരുങ്ങുന്നത്.
ഇതിനായി ക്രൈംബ്രാഞ്ച് സംഘം പാറമടക്കുളത്തിന്റെ സമീപത്തെ കാടുകൾ വെട്ടിനിരത്തി വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
കാട് വൃത്തിയാക്കിയശേഷം അഗ്നിരക്ഷാ സേനാ അധികൃതർ പാറമടക്കുളത്തിൽ പരിശോധന നടത്തുന്നതിനാണ് ആലോചിക്കുന്നത്.
സാധ്യതകൾ ഇങ്ങനെ
നഗരത്തിലെ സിസിടിവി കാമറകളിൽ ഒന്നും കാർ പതിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കാർ ഇല്ലിക്കലിൽനിന്നും തിരുവാതുക്കൽ വഴി പാറേച്ചാലെത്താനുള്ള സാധ്യത ക്രൈംബ്രാഞ്ച് സംഘം കണക്കു കൂട്ടുന്നു.
ഈ വഴി പാറേച്ചാലിലൂടെ കയറുന്ന കാറിൽ എത്തുന്ന ദന്പതിമാർ മറിയപ്പള്ളിയിൽ രാത്രി എത്താമെന്നാണു ക്രൈംബ്രാഞ്ച് സംഘം കണക്കു കൂട്ടുന്നത്.
ഈ വഴി സിസിടിവി കാമറകൾ കുറവായതിനാൽ ഇവർ കാമറകളുടെ കണ്ണിൽപ്പെടാനുള്ള സാധ്യത കുറവാണ്.ജീവനൊടുക്കാൻ പ്രവണത കൂടുതലുള്ള ദന്പതിമാർ പാറമടക്കുളത്തിൽ കാറുമായി വീണുകാണുമെന്നാണു ക്രൈംബ്രാഞ്ച് സംഘം സംശയിക്കുന്നത്.
ഈ സാധ്യത കണ്ടെത്തുന്നതിനായാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.