കോട്ടയം: മീനച്ചിലാറ്റിലെ താഴത്തങ്ങാടി ഇടയ്ക്കാട്ടുപള്ളി കടവിൽ പാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്പോൾ മുൻപ് പാലം പണിയാൻ സ്ഥാപിച്ച തൂണ് ജലയാത്രയ്ക്ക് അസൗകര്യമുണ്ടാക്കുന്നു. കാൽ നൂറ്റാണ്ട് മുൻപാണ് ഇവിടെ നാട്ടുകാർ ഒരു പാലം നിർമിക്കാൻ ആലോചിച്ചത്.
ഇതിനായി പിരിവ് നടത്തി പാലത്തിനായി തൂണ് സ്ഥാപിച്ചെങ്കിലും ഇറിഗേഷൻ വകുപ്പിൽ നിന്ന് പാലം നിർമാണത്തിനുള്ള അനുമതി ലഭിച്ചില്ല. ഇതോടെ പാലം പണി മുടങ്ങി. അന്നു സ്ഥാപിച്ച ഏതാനും തൂണുകൾ ഇപ്പോഴും മീനച്ചിലാറ്റിൽ യാത്രയ്ക്ക് തടസമുണ്ടാക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി.
നഗരസഭാ പ്രദേശത്തെയും അയ്മനം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടയ്ക്കാട്ടുപള്ളി കടവിൽ ഇപ്പോൾ കടത്തു വള്ളമുണ്ട്. വെള്ളപ്പൊക്ക സമയത്താണ് ഏറ്റവുമധികം അപകട സാധ്യതയുള്ളത്. പാലത്തിനായി സ്ഥാപിച്ച കോണ്ക്രീറ്റ് തൂണിൽ കടത്തുവള്ളം ഇടിക്കാൻ സാധ്യതയുള്ളതിനാൽ വളരെ സൂക്ഷിച്ചാണ് കടത്തുകാരൻ ഇവിടെ ആളുകളെ കയറ്റിയിറക്കുന്നത്.
ശക്തമായ ഒഴുക്കാണ് വെള്ളപ്പൊക്ക സമയത്തുണ്ടാകുന്നത്. ഇതാണ് അപകട സാധ്യതയ്ക്ക് കാരണം. ഇതിനിടെ ഇടയ്ക്കാട്ടുപള്ളി കടവിൽ തണ്ണീർമുക്കം ബണ്ട് മാതൃകയിൽ പാലം നിർമിക്കാൻ ഇറിഗേഷൻ വകുപ്പ് പദ്ധതി തയാറാക്കി അംഗീകാര നേടിയിട്ടുണ്ട്.
വേനൽക്കാലത്ത് വാട്ടർ അഥോറിറ്റിയുടെ പന്പിംഗ് മേഖലയിൽ ഉപ്പുവെള്ളം കയറാതിരിക്കുന്നതിന് ഇപ്പോൾ താഴത്തങ്ങാടിയിൽ താൽക്കാലിക ബണ്ട് സ്ഥാപിക്കുന്നുണ്ട്. ഇത് ഒഴിവാക്കി ഇടയ്ക്കാട്ടുപള്ളിക്കടവിൽ പാലം നിർമിക്കുന്പോൾ അടിയിൽ ബണ്ട് കെട്ടാനാണ് പദ്ധതി. ഇതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയെങ്കിലും പണി ആരംഭിച്ചിട്ടില്ല.