കോട്ടയം: പ്രസിദ്ധമായ താഴത്തങ്ങാടി വള്ളംകളി 18ന് ഉച്ചകഴിഞ്ഞ് താഴത്തങ്ങാടി ആറ്റിൽ നടക്കും. കോട്ടയം വെസ്റ്റ് ക്ലബാണ് വള്ളംകളിയുടെ സംഘാടകർ. പ്രമുഖ ചുണ്ടൻവള്ളങ്ങൾ അടക്കം കഴിഞ്ഞ വർഷത്തേതിലും കൂടുതൽ കളിവള്ളങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
രജിസ്ട്രേഷൻ, ഫണ്ട് ഓഫീസ് ഉദ്ഘാടനം കഴിഞ്ഞു. ഓണത്തോടനുബന്ധിച്ച് നടത്താനിരുന്ന വള്ളംകളി പ്രളയം കാരണമാണ് മാറ്റിവച്ചത്.മീനച്ചിലാറിന്റെ ഇരുകരകളിലും നിന്നു വള്ളംകളി സുഗമമായി വീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്.
രണ്ടു ട്രാക്കുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. മുഖ്യപവലിയൻ, ട്രാക്ക്, ഫിനിഷിംഗ് പോയിന്റ് എന്നിവയുടെ നിർമാണം അടുത്ത ദിവസം ആരംഭിക്കും. കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ 14ന് വൈകുന്നേരം നാലിന് അവസാനിക്കും. തുടർന്ന് ക്യാപ്റ്റൻമാരുടെ യോഗവും ട്രാക്ക് നിർണയവും നടക്കും. രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് 9447052184, 9447355901 എന്ന നന്പരിൽ ബന്ധപ്പെടേണ്ടതാണ്.