കോട്ടയം: താഴത്തങ്ങാടിയിൽ കൊലക്കേസിൽ ഇന്നലെ രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം തുടങ്ങി. എല്ലാ മേഖലകളും കേന്ദ്രീകരിച്ചു പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തുന്നത്.
ദന്പതികളുടെ സാന്പത്തിക ഇടപാടുകൾ, ഇവരുമായി ബന്ധപ്പെടുന്നവർ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം പുരോഗമിക്കുന്നത്.
പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ബാര്യ ഷീബ (60) എന്നിവരെ ആക്രമിക്കുകയും ഷീബയെ കൊലപ്പെടുത്തുകയും ചെയ്തയാൾ രാവിലെ തന്നെ വീട്ടിലെത്തി ഇവർക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ ആദ്യഘട്ട നിഗമനം.
കാരണം ഇവർക്കൊപ്പമുണ്ടായിരുന്നയാൾക്കും രാവിലെ പ്രഭാതഭക്ഷണം കൊടുക്കുന്നതിനുള്ള തയാറെടുപ്പുകൾ അടുക്കളയിയിൽ നിന്നു കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടുണ്ട്.
അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കുകയും രണ്ടു പേർ മാത്രമുള്ള വീട്ടിൽ മുട്ടക്കറി ഉണ്ടാക്കുന്നതിനായി മൂന്നു മുട്ട പുഴുങ്ങുകയും ചെയ്തിരുന്നു.
അതിനാൽ രാവിലെ ഇവരുടെ വീട്ടിലെത്തിയാൾക്കു കൂടി പ്രഭാത ഭക്ഷണം കൊടുക്കാനുള്ള തയാറെടുപ്പുകൾ ഷീബ നടത്തിയിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
അതിനാലാണ് ദന്പതികളോട് അടുപ്പമുള്ളയാൾ രാവിലെ വീട്ടിലെത്തിയശേഷം ഇവർക്കൊപ്പം സമയം ചെലവഴിച്ചശേഷം കൃത്യം നടത്തി മടങ്ങിയതാവാമെന്നും പോലീസ് കണക്ക് കൂട്ടുന്നത്.
ഇക്കാര്യങ്ങളൊക്ക മുൻ നിർത്തിയാണ് ഒരാൾ മാത്രമാണ് ദന്പതികളെ ആക്രമിച്ചതെന്ന് പോലീസ് വിലയിരുത്തുന്നത്. അതിനാലാണ് ദന്പതികൾക്കു വ്യക്തമായി അറിയാവുന്നയളാണ് സംഭവത്തിനു പിന്നിലെന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘങ്ങളാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്നലെ നടത്തിയ തെരച്ചിലിലാണ് വീട്ടിൽ നിന്നു കാണാതായി എന്നു കരുതിയിരുന്ന കൊല്ലപ്പെട്ട ഷീബയുടെ ഫോണ് പോലീസിനു ലഭിച്ചത്. അതേസമയം പരിക്കേറ്റ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ കഴിയുന്ന സാലിയുടെ ഫോണ് കണ്ടെത്തിയിട്ടില്ല.
ആക്രമി സാലിയുടെ മൊബൈൽ കൈക്കലാക്കിയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. സൈബർ സെല്ലിന്റ സഹായത്തോടെ ഇവരുടെ കോൾ ലിസറ്റും പരിശോധിക്കുന്നുണ്ട്.
അതേസമയം വീട്ടിൽ കാണായ ചുവന്ന വാഗണൻ ആർ കാർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാർ പോകുന്നതിന്റെ സിസിടവി ദൃശ്യങ്ങളും ചിത്രവും ഉൾപ്പെടെ പോലീസ് പുറത്തുവിട്ടെങ്കിലും വാഹനം സംബന്ധിച്ചു യാതൊരു വിവരവും ലഭിച്ചിട്ടില്ല.
കാർ എറണാകുളം വരെ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. നന്പർ മാറ്റിയായിരിക്കും കൊലയാളി കാർ കടത്തിയിരിക്കുന്നതെന്ന് പോലീസ് പറയുന്നു.
കൊല്ലപ്പെട്ട ഷീബയുടെ തലയ്ക്കു ഭാരമേറിയ മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ചു മാരകമായുള്ള അടിയേറ്റതയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചതഞ്ഞ്, തലയോട് പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണ് ഷീബയുടെ മരണത്തിനു കാരണമെന്നാണും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാറിന്റെയും ജില്ലാ പോലീസ് ചീഫ് ജി. ജയ്ദേവിന്റെയും നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നത്.
കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാർ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്, പാന്പാടി എസ്എച്ച്ഒ യു. ശ്രീജിത്ത്, കുമരകം എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ, കടുത്തുരുത്തി എസ്ഐ ടി.എസ്. റെനീഷ്, വെസ്റ്റ് എസ്ഐ ടി. ശ്രീജിത്ത് എന്നിവരും കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ച പോലീസുകാരും സംഘത്തിലുണ്ട്.